വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽ മുരുകന്റെ ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിൽ ഹർജി നൽകി. മനുഷ്യാവകാശ പ്രവർത്തകർ മുഖേനയാണ് സഹോദരൻ അഡ്വ.മുരുകൻ ഹർജി നൽകിയത്. കൽപ്പറ്റ ജില്ലാ കോടതിയിലാണ് ഹർജി.
മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വേൽ മുരുകന്റെ കുടുംബം ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാണാസുര മലയിൽ നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്നാണ് കുടുംബം ആരോപിക്കുന്നത്. വേൽ മുരുകന്റെ സഹോദരൻ അഡ്വ. മുരുകൻ ഒപ്പിട്ട ഹർജി ഇന്ന് സമാനമായ സാഹചര്യത്തിൽ വയനാട്ടിൽ കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരനായ സിപി റഷാദ്(മനുഷ്യാവകാശ പ്രവർത്തകൻ) ഇന്ന് കൽപ്പറ്റ ജില്ലാ സെഷൻ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. സിറ്റിംഗ് ജഡ്ജിയെ നിയമിച്ചുകൊണ്ട് ഈ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്.
മാത്രമല്ല, ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വേൽമുരുകന്റെ കൈവശം ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന 303 റൈഫിളും ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു.