കോഴിക്കോട് : ജനശബ്ദം ഇംപാക്ട്. കുന്ദമംഗലം പന്തീർപാടം നൊച്ചിപൊയിൽ സ്വദേശിയായ കാർത്ത്യാനി അമ്മയ്ക്കും രോഗബാധിതനായ മകൻ വസന്തനും കൈത്താങ്ങുമായി പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ. കുടുംബത്തിന്റെ ദുരിത വാർത്തയറിഞ്ഞ് ഇരു പേരുടെയും ജീവിതകാലം മുഴുവനായുള്ള ചികിത്സ സഹായങ്ങൾ നൽകാമെന്ന് പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷന്റെയും, പ്രൈം ടേക്ക് കെയർ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിങ് ഡയറക്റ്റ്റുമായ എം പി അബ്ദുൾ റസാഖ് അറിയിച്ചു
കുന്ദമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷനു കീഴിലാണ് പ്രൈം ടേക്ക് കെയർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്, ഇരു പേർക്കും എക്സറേ സ്കാനിങ് ഉൾപ്പടെ മുഴുവൻ ചികിത്സയും പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ നൽകുമെന്ന് അറിയിച്ചു. ഒപ്പം വീട്ടിൽ കിടപ്പിലായാൽ ഡോക്ടർ അടങ്ങുന്ന സംഘം അവിടെയെത്തി ചികിത്സ നൽകുമെന്നും അധികൃതർ അറിയിച്ചു.
ഇവർക്ക് ചികിത്സയുമായ് ബന്ധപ്പെട്ട് പ്രൈം ചാരിറ്റബിൾ ഫൗണ്ടേഷൻ സൗജന്യ സേവനത്തിനായുള്ള പാസ് വീട്ടിലെത്തി കൈമാറുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ സൗജന്യ ചികിത്സ ലഭ്യമാകും. ഏറെ പ്രായം ചെന്ന കാർത്യാനി അമ്മയ്ക്ക് ഈ സേവനത്തോടെ വലിയൊരു ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വാർത്ത കണ്ടു മുൻപോട്ട് വന്ന പ്രൈം അധികൃതർക്ക് ഹൃദയത്തിൽ നിന്നുമുള്ള നന്ദി അറിയിക്കുന്നു
കഴിഞ്ഞ ദിവസമാണ് ഇടിഞ്ഞു വീഴാറായ വീട്ടിനകത്ത് ജീവൻ അപകട ഭീഷണയുടെ മുൾമുനയിൽ നിർത്തി ഈ 88 വയസുള്ള അമ്മയും മകനും ജീവിക്കുന്ന വാർത്ത ജനശബ്ദം പുറത്ത് കൊണ്ട് വരുന്നത്. തൊട്ടു പിന്നാലെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കുടുംബത്തിന് വീട് വെച്ച് നൽകാമെന്നറിയിക്കുകയും യൂത്ത് ലീഗ് തന്നെ വീട് നിര്മ്മാണത്തിന്റെ ഭാഗമായി മറ്റൊരു വാടക വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൂന്നു മാസത്തിനകം ഈ വീടൊരുങ്ങും. ഒപ്പം നിരവധി പേരാണ് സഹായവുമായി മുൻപോട്ട് എത്തുന്നത്. ആ വാർത്ത ജനശബ്ദം വരും ദിവസങ്ങളിൽ നിങ്ങളിൽ എത്തിക്കും