തിരുവനന്തപുരം: എന്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ടി ജലീലിനോട് ചോദിച്ചതെന്ന് വിശദീകരിക്കാന്‍ തയ്യാറാകണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സത്യമാണ് വലുതെന്ന് ഫേസ്ബുക്കിൽ പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും മന്ത്രിസഭയിലെ അംഗമായതിനാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും, ഇന്ന് ബി ജെ പി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു
എന്തിനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ പോയതെന്നും ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എന്തിനു കള്ളം പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കണം
സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക ക്രമക്കേടുകളില്‍ ജലീല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഖുറാന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തി എന്നുള്ളതാണ് ജലീലിനെതിരെ ഉയര്‍ന്നുവന്ന പ്രധാന ആരോപണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇ.പി. ജയരാജനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിനു കാരണം കെ.ടി. ജലീലുമായുള്ള പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉണ്ടെന്നതു കൊണ്ടാണെന്നും. അദ്ദേഹം ആരോപിച്ചു.

