ഖാദി തൊഴിലാളികളുടെ ഉൽസവബത്ത വർദ്ധിപ്പിച്ചു
ഖാദി തൊഴിലാളികളുടെ ഉൽസവബത്ത 1500 രൂപയിൽ നിന്നും 1750 രൂപയാക്കി വർദ്ധിപ്പിച്ചതായി ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്ജ് അറിയിച്ചു. നാല് വർഷം മുമ്പ് 900 രൂപയായിരുന്നു ഉൽസവബത്ത. ഇതു കൂടാതെ കോവിഡ് മഹാമാരി ദുരിതാശ്വാസമായി ബോർഡിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ഖാദിഗ്രാമവ്യവസായ യൂണിറ്റിലെയും തൊഴിലാളികൾക്ക് 250 രൂപ വീതം പ്രത്യേക അലവൻസും നൽകും.
എച്ച്.ഡി.സി ആന്റ്ഡ് ബി.എം പരീക്ഷ സെപ്റ്റംബർ 22 മുതൽ
സംസ്ഥാന സഹകരണ യൂണിയന്റെ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം ഒന്നും, രണ്ടും സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും. 27 വരെ പിഴ ഇല്ലാതെയും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ 50 രൂപ പിഴയോടെയും എല്ലാ സഹകരണ പരിശീലന കോളേജുകളിലും പരീക്ഷ ഫീസ് അടച്ച് അപേക്ഷിക്കാം.
തിരിച്ചെത്തിയ അമ്പതിനായിരം പ്രവാസികൾക്ക് 25 കോടി രൂപ വിതരണം ചെയ്തു
ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50000 പേർക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകുന്നത്. ബാക്കി അപേക്ഷകരിൽ അർഹരായവർക്ക് വൈകാതെ തുക കൈമാറും.