ജില്ലയിലെ 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി
പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രാദേശികമായി ആരോഗ്യസംവിധാനത്തില്‍ സുപ്രധാനമായ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 102 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ ഏതു ഗ്രാമീണ മേഖലയെടുത്താലും എത്ര പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായാലും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയവയില്‍ ജില്ലയിലെ 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയായി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ജില്ലയിലെ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ വയോജനകേന്ദ്രം സി.കെ.നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കുകള്‍, വയോജന ക്ലിനിക്കുകള്‍, ലബോറട്ടറി സൗകര്യം എന്നിവയും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാണ്. 48,50000 രൂപയാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി ചെലവഴിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു .
ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലീല തുടങ്ങിയവര്‍ പങ്കെടുത്തു. മുപ്പത്തിഏഴായിരത്തോളം ആളുകള്‍ക്ക് ആശ്രയമാണ് കുടുംബാരോഗ്യ കേന്ദ്രം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കുത്തിവെപ്പ്, പൊതുജനാരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിത ശൈലീരോഗ നിര്‍ണ്ണയ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ്, ഹെല്‍ത്ത് പ്രോഗ്രാം എന്നിവ ഈ സ്ഥാപനത്തില്‍ നടത്തിവരുന്നുണ്ട്.
കായണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇന്ന് 1,40,000 രൂപയും പഞ്ചായത്ത് വിഹിതമായ 6,63,520 രൂപയും ഉപയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രോജക്ട് വിഹിതമായ 69,500 രൂപ ഉപയോഗിച്ച് ഈ സ്ഥാപനത്തില്‍ മൂന്ന് ബാത്ത്‌റൂമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 4,50,000 രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മജ എന്നിവര്‍ പങ്കെടുത്തു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേന്ദ്രം സന്ദര്‍ശിച്ചു.
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിനു പഞ്ചായത്ത് മുഖേന ഏഴ് ലക്ഷം രൂപയും എന്‍ എച്ച് എം മുഖേന 13 ലക്ഷം രൂപയും നല്‍കി ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും മാതൃ ശിശു വിഭാഗം, ഓഫീസ് മുറി, നിരീക്ഷണ മുറി ,ടോയ്‌ലറ്റ് എന്നിവ നവീകരിക്കുകയും ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വലിയവീട്ടില്‍, വൈസ് പ്രസിഡന്റ് നൊച്ചാട്ട് കുഞ്ഞബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.
പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടനം തൊഴില്‍ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ജലസേചനവകുപ്പ് പഞ്ചായത്തിന് കൈമാറിയ ഒരേക്കര്‍ സ്ഥലത്താണ് പെരുവണ്ണാമൂഴി ആരോഗ്യ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്തിലെ 104 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും 961 പട്ടികജാതി കുടുംബങ്ങള്‍ക്കും ആരോഗ്യസേവനങ്ങള്‍ നല്‍കിവരുന്നു.
കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രാദേശിക ഉദ്ഘാടനം ജോര്‍ജ് തോമസ് എംഎല്‍എ നിര്‍വ്വഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഒരുകോടിയിലേറെ രൂപയാണ് ആരോഗ്യ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. നെല്ലിക്കാം പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വയോജനങ്ങള്‍ക്കുള്ള ഉല്ലാസ കേന്ദ്രമായ ലെജന്‍ഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. പട്ടികവര്‍ഗ്ഗ സമഗ്ര ആരോഗ്യപദ്ധതി. ഗോത്ര സഞ്ജീവനി ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി പട്ടികവര്‍ഗ്ഗവിഭാഗത്തിന്റെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, വൈസ് പ്രസിഡന്റ് വി.പി.ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.
അത്തോളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു.
നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നും 19, 83971 രൂപയും പഞ്ചായത്ത് വിഹിതമായി 5 ലക്ഷം രൂപയുമാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ചത്. നവീകരിച്ച ഓഫീസ് സംവിധാനം, പരിശോധന മുറികള്‍, ലബോറട്ടറി, ടിവി, കുടിവെള്ളം, പബ്ലിക് അഡ്രസ് സിസ്റ്റം, കുത്തിവെപ്പ് മുറി തുടങ്ങി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ചടങ്ങില്‍ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍ പങ്കെടുത്തു.
അഴിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ആര്‍ദ്രം മിഷനില്‍ നിന്ന് 17 ലക്ഷം രൂപയും പഞ്ചായത്ത് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. ചടങ്ങില്‍ സി.കെ.നാണു എംഎല്‍എ , പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍ എച്ച് എം ഫണ്ടില്‍ നിന്നും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപയും എ.കെ.ശശീന്ദ്രന്‍ എംഎല്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നുലക്ഷം രൂപയും അരയസമാജത്തിന്റെ നേതൃത്വത്തില്‍ മറ്റ് സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും നാല് ലക്ഷം രൂപയും ലഭിച്ചു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയാപ്പ പിഎച്ച്‌സിക്ക് 38 ലക്ഷം രൂപ ലഭിച്ചു. അതില്‍ 3,65000 രൂപ സര്‍ക്കാരില്‍ നിന്നും മൂന്ന് ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും 27,36,611 രൂപ ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്നും 40,00,000 രൂപ സംഭാവനയായുമാണ് ലഭിച്ചത്.
കൂടരഞ്ഞി പിഎച്ച്‌സിയുടെ വികസനം, ഫീല്‍ഡ്തല പ്രവര്‍ത്തനം എന്നിവക്കായി തദ്ദേശ സ്വയംഭരണ സ്ഥാപന വിഹിതമായി 84.54 ലക്ഷവും എന്‍എച്ച്എം വിഹിതമായി 14.41ലക്ഷവും സ്‌പോണ്‍സര്‍ഷിപ്പിലൂടെ 2 ലക്ഷവും ചെലവഴിച്ചു. ആശുപത്രി കാലാനുസൃതമായി നവീകരിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ആധുനികമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുമായി ജോര്‍ജ്ജ് എം തോമസ് എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ നടുവണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 57,50,392 ലക്ഷം രൂപയുടെ നവീകരണമാണ് നടന്നത്. ഇരുനൂറിനടുത്ത് രോഗികള്‍ ദിവസേന പരിശോധനയ്ക്കായി എത്തുന്ന ആശുപത്രിയില്‍ 20 ജീവനക്കാരാണ് ഉള്ളത്. പുരുഷന്‍ കടലുണ്ടി എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തേങ്ങിട, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊളത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന് 15 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നന്മണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടുര്‍ ബിജു, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.