കുന്ദമംഗലം: വികസനത്തിന്റെ പാതകളിലൂടെ ജനങ്ങളോടൊപ്പം നടന്ന് മുന്നേറുന്ന പ്രചാരണ യാത്രയായി എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ ഇന്നത്തെ പര്യടനം മാറി. ഒരു പ്രദേശത്തിന്റെ തലവര തന്നെ മാറ്റിമറിച്ച കൂളിമാട് പാലത്തിന്റെ മറുകരയിൽ നിന്ന് ചിഹ്നമണിഞ്ഞ പ്രവർത്തകരോടൊപ്പം നടന്ന് കൊണ്ടാണ് അദ്ദേഹം ദിവസത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. വികസനത്തിന്റെ കഥകൾ പറയുന്ന കൂളിമാട് ടൗൺ തന്നെയായിരുന്നു ആ യാത്രയുടെ ആദ്യ സാക്ഷി.
സമീപകാലത്ത് കോഴിക്കോട് ജില്ലയിൽ വേഗത്തിൽ വികസനം കൈവരിച്ച പ്രദേശങ്ങളിലൊന്നാണ് കൂളിമാട്. കാഫ്ബി മുഖേന 42 കോടി രൂപ ചെലവിൽ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ കളൻതോട്–കൂളിമാട് റോഡും, നാലു കോടി രൂപ ചെലവിൽ നവീകരണം പുരോഗമിക്കുന്ന മണാശ്ശേരി–കൂളിമാട് റോഡും ഉൾപ്പെടെ അഞ്ചു പ്രധാന പാതകളുടെ സംഗമ കേന്ദ്രമാണ് കൂളിമാട്. ഇരുവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന ഈ പ്രദേശം ഇന്ന് വികസനത്തിന്റെ പുതു ചലനങ്ങൾ നിറഞ്ഞ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ഭക്ഷണപ്രിയരുടെ പ്രധാന സന്ദർശന കേന്ദ്രമായി മാറിയ കൂളിമാടിനെ ഡസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ.എ മുഖേന 75 ലക്ഷം രൂപ അനുവദിക്കുകയും, ആ തുക ഉപയോഗപ്പെടുത്തി പാലവും പരിസരവും കൂടുതൽ ആകർഷകമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്. പ്രകൃതിസൗന്ദര്യവും വികസനവും ചേർന്നൊരുങ്ങുന്ന ഈ പ്രദേശം പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കുകയാണ്.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി കൂളിമാട്ടുകാർ പി.ടി.എ റഹീമിനെ സ്വീകരിക്കുന്നതിൽ ഈ വികസനകഥകൾക്ക് വലിയ പങ്കുണ്ടെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങൾക്കിടയിൽ അവരിലൊരാളായി ആവേശപൂർവ്വം നടന്നു നീങ്ങിയ സ്ഥാനാർഥിയെ അനുഗമിക്കാൻ പ്രദേശത്തെ മുഴുവൻ ജനങ്ങളും എത്തി. 25 കോടി രൂപ ചെലവിൽ നിർമ്മിച്ച കൂളിമാട് പാലത്തിനരികിലെ വീടുകളിലെ ആളുകൾ പോലും വീടുകളിൽ നിന്നിറങ്ങി ആ യാത്രയിൽ പങ്കാളികളായി.
വികസനത്തിന്റെ അടയാളങ്ങൾക്കൊപ്പം ജനഹൃദയങ്ങളിലൂടെ മുന്നേറുന്ന പ്രചാരണയാത്രയായി മാറിയ കൂളിമാട്ടിലെ ഈ സഞ്ചാരം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ആവേശവും ആത്മവിശ്വാസവും പകർന്നതായി പ്രവർത്തകർ പറഞ്ഞു.

