ന്യൂ ഡൽഹി : ആധുനിക ഇന്ത്യയുടെ ശില്പിയെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു വിട്ട് പിരിഞ്ഞിട്ട് 56 വർഷങ്ങൾ. അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്റാണി തുസ്സുവിന്റേയും മകനായി നവംബർ 14, 1889 ൽ ജനനം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടി. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ മുന്നോട്ട് നയിച്ചത്. പിന്നീട് ഇന്ത്യൻ ചരിത്രത്തിൽ നെഹ്‌റു കുടുംബത്തിൽ നിന്നു തന്നെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചു.
ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി സർവ്വകലാശാലയിലെ ഇന്നർ ടെംപിളിൽ നിന്നും വക്കീൽ ആകുവാനുള്ള പരിശീലനവും നെഹ്രു പൂർത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന അദ്ദേഹം അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായി പതുക്കെ അഭിഭാഷകജോലി വിട്ട് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു. ഇടതുപക്ഷ പരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.
മതപരമായ വിലക്കുകൾ ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയെ തടയുമെന്നും ആധുനിക സാഹചര്യങ്ങളെ സ്വീകരിക്കുന്നതിൽ നിന്നു പിന്നോക്കം വലിക്കുമെന്നും അദ്ദേഹം വിലയിരുത്തിന്യൂ ഡൽഹി . തന്റെ ആത്മകഥയിൽ ക്രിസ്തുമതത്തെ കുറിച്ചും ഇസ്ലാം മതത്തെ , കുറിച്ചും വിശകലനം ചെയ്തിട്ടുള്ള നെഹ്രു ഇവയുടെ ഇന്ത്യയിലെ സ്വാധീനത്തെ കുറിച്ചും രേഖപ്പെടുത്തുന്നുണ്ട്.ഇന്ത്യയെ ഒരു മതേതര രാജ്യമായി കാണാൻ ആഗ്രഹിച്ച നെഹ്രുവിന്റെ മതേതര നയങ്ങൾ പലപ്പോഴും ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
തന്റെ ജീവിത കാലത്ത് രാഷ്ട്രീയ സംസ്കാരം വളരെ നല്ല വിദേശ നയത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായിട്ടുള്ള നെഹ്രുവിന്റെ നടപടികൾ വളരെ പ്രശംസ നേടി. നെഹ്റുവിന്റെ വിദ്യാഭ്യാസ നയങ്ങൾ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് കാരണമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം ഇദ്ദേഹത്തിന്റെ ഭരണ കാലത്ത് നടപ്പിലായി.
1964 ൽ മെയ് 27 ഹൃദയാഘാതത്തെ തുടർന്ന് മരണം. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ഈ ഓർമ്മ ദിനത്തിൽ ഇദ്ദേഹത്തിന്റെ നിലപാടുകൾ ഇന്നും രാജ്യത്തിന് മുതൽ കൂട്ടാണ്.