ലിയോണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരം നടക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിട്ടില്ല.
നവംബർ വിൻഡോയിൽ അർജന്റീന ഒരേയൊരു മത്സരം മാത്രമേ കളിക്കൂ എന്നും അങ്കോളയിലെ മത്സരത്തിനുശേഷം ടീം അർജന്റീനയിൽ തിരിച്ചെത്തുമെന്നും അസോസിയേഷൻ അറിയിച്ചു.നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രഖ്യാപനം ആ സാധ്യതയെ അനിശ്ചിതത്വത്തിലാക്കുന്നു.
അർജന്‍റീന കൊച്ചിയിൽ വന്ന് ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അർജന്‍റീനയുടെയോ ഓസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ സ്ഥിരീകരിച്ചിട്ടുമില്ല.
മെസി തന്നെ വിശദീകരിക്കുന്ന യാത്രാ പദ്ധതിയിൽ ഉൾപ്പെടുന്നത് കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളാണ്. അതേസമയം, നാലാമതൊരു നഗരം കൂടി (“maybe one more city”) സന്ദർശിക്കാനുള്ള സാധ്യത പോസ്റ്റിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ നഗരത്തിലാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷകൾ നിലനിൽക്കുന്നത്.

