കോവിഡ് കാലത്തെ മികച്ച പ്രവർത്തനത്തിന് കുടുംബശ്രീയ്ക്കും തപാൽ വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കുടുംബശ്രീയുടെ നേതൃത്വത്തിൽ സഹായ ഹസ്ത പദ്ധതി പ്രകാരം രണ്ടായിരം കോടി രൂപ പലിശരഹിത വായ്പ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
രണ്ടരലക്ഷം അയൽക്കൂട്ടം മുഖേന 32 ലക്ഷം കുടുംബങ്ങൾക്കാണ് വായ്പ ലഭിക്കുക. കമ്മ്യൂണിറ്റി കിച്ചനുകളിൽ 75 ശതമാനവും കുടുംബശ്രീ മുഖേനയാണ് നടത്തിയത്. ഇതിനു പുറമെ 350 ജനകീയ ഹോട്ടലുകളും തുടങ്ങി. സന്നദ്ധ സേനയിൽ അര ലക്ഷം കുടുംബശ്രീ അംഗങ്ങൾ രജിസ്റ്റർ ചെയ്തു. കോട്ടൺ തുണിയിൽ 22 ലക്ഷം മാസ്‌ക്കുകൾ നിർമിക്കുകയും സാനിറ്റൈസർ ഉത്പാദിപ്പിക്കുകയും ചെയ്തു.
പ്രായമായവർ പ്രത്യേക കരുതൽ സ്വീകരിക്കണമെന്ന സന്ദേശം വീടുകളിലെത്തിക്കാൻ കുടുംബശ്രീയിലൂടെ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളിലെ സ്‌നേഹിതയിലൂടെയും 360 കമ്മ്യൂണിറ്റി കൗൺസലർമാരുടെയും സഹായത്തോടെ കുടുംബങ്ങൾക്കും ജനങ്ങൾക്കും മാനസിക പിന്തുണ നൽകാൻ സാധിച്ചു. ഭാവിയിൽ കാർഷിക സംസ്ഥാനം എന്ന ലക്ഷ്യം നേടാൻ കുടുംബശ്രീ വനിതാ കൃഷി സംഘങ്ങൾ ശ്രദ്ധിക്കണം. മികച്ച ഉപജീവന പദ്ധതി ആവിഷ്‌കരിച്ച് സമൂഹത്തിന് താങ്ങാവണം.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ കാലയളവിൽ സഞ്ചരിക്കുന്ന തപാൽഓഫീസിലൂടെ വീടുകളിൽ പണമെത്തിക്കുക മാത്രമല്ല, ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും വരെ തപാൽ വകുപ്പ് എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
48.76 കോടി രൂപ 3,13,719 ക്ഷേമപെൻഷൻകാർക്ക് വീട്ടുപടിക്കലെത്തിച്ചു. ഇടമലക്കുടി ആദിവാസി ഊരിൽ 74 പേർക്ക് ക്ഷേമപെൻഷൻ എത്തിക്കുന്നതിനും തപാൽ വകുപ്പ് നടപടി സ്വീകരിച്ചു. 14.98 കോടി രൂപ 21,577 സർവീസ് പെൻഷൻകാരിലെത്തിച്ചു. ബാങ്ക്, എ. ടി. എം എന്നിവിടങ്ങളിൽ പോകാതെ പണം വീട്ടിലെത്തിക്കുന്ന പദ്ധതിയുടെ സേവനം 48,598 പേർ വിനിയോഗിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോടുള്ള ആദരസൂചകമായി പ്രത്യേക തപാൽ കവർ പുറത്തിറക്കി. ലോക്ക്ഡൗണിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി എന്റെ കൊറോണ പോരാളികൾ എന്ന ഇ പോസ്റ്റ് പദ്ധതി തയ്യാറാക്കി. ഇത്തരത്തിൽ അഭിനന്ദനീയമായ പ്രവർത്തനമാണ് തപാൽ വകുപ്പ് കാഴ്ചവച്ചതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.