കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കും. ആദിത്യന്‍, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളില്‍ ആദിത്യന്‍, അഭിരാജ് എന്നിവരെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉള്‍പ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.
കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡിലാണ് രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. രാത്രി ഒന്‍പതി മണിക്ക് തുടങ്ങിയ റെയ്ഡ് ഇന്ന് പുലര്‍ച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേര്‍ ഓടി രക്ഷപെട്ടിരുന്നു. പരിശോധനയില്‍ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.