പത്തനംതിട്ട പീഡനക്കേസില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം അഞ്ചാം ദിവസവും തുടരുന്നു. ഇതിനോടകം നാല്പത്തിമൂന്നു പേരാണ് പിടിയിലായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പതിനൊന്ന് കേസുകളിലായി ഇരുപത്തിയാറു പ്രതികളും ഇലവുംതിട്ടയില്‍ പതിനാറു കേസുകളിലായി പതിനാലു പേരുമാണ് പിടിയിലായത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന യുവാക്കളുടെ സംഘമാണ് പെണ്‍കുട്ടിയെ സമ്മര്‍ദത്തിലാക്കി പീഡനത്തിനിരയാക്കിയതില്‍ ഏറെയും. പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.
ജില്ലയ്ക്ക് പുറത്തേക്കും പ്രതികള്‍ പെണ്‍കുട്ടിയെ എത്തിച്ചോ എന്നതില്‍ അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിഐജി അജിതാ ബീഗത്തിനാണ് മേല്‍നോട്ടച്ചുമതല.

