തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹന അപകട പരമ്പരയില്‍ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി – പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചര്‍ച്ച നടത്തിയത്.
സംസ്ഥാനത്തെ റോഡുകളില്‍ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും.
ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര എന്നിവ കൂടുതലായി ശ്രദ്ധിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
എല്ലാ ജില്ലകളിലും റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ നടത്തും. റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും. ഇ- ചലാനുകള്‍ അടയ്ക്കാനായി എല്ലാ ജില്ലകളിലും പ്രത്യേകം അദാലത്തുകള്‍ നടത്തും. സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എല്ലാ യോഗത്തിന് പിന്നാലെ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും എഐ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് ഐജിക്ക് നിര്‍ദേശം നല്‍കി.