കുന്ദമംഗലം: ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പുമ്പോഴും, ഒട്ടും മടുപ്പില്ലാതെ കൃത്യമായ ആസൂത്രണത്തിലൂടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മനസ്സും വയറും നിറക്കുകയാണ് ജില്ലാ ശാസ്‌ത്രോല്‍സവത്തിന്റെ ഭക്ഷണകമ്മിറ്റി. കുന്ദമംഗലത്ത് നടക്കുന്ന ഈ വര്‍ഷച്ചെ ജില്ല ശാസ്‌ത്രോല്‍സവം കാണാന്‍ വരുന്ന അതിഥികളുടെ മനസ്സും വയറും നിറഞ്ഞാണ് മടങ്ങുന്നത്. ശ്രീനിവാസന്‍ എടക്കാടാണ് രണ്ടു ദിവസങ്ങളിലായി ആയിരങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കിയത്.ആദ്യ ദിനത്തില്‍ പായസം ഉള്‍പ്പെടെയുള്ള വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയപ്പോള്‍ രണ്ടാം ദിനം ചിക്കന്‍ കറിയടക്കമുള്ള ഭക്ഷണമാണ് നല്‍കിയത്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി ചെയര്‍മാനായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണ കമ്മറ്റി പ്രവര്‍ത്തിച്ചത്. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പാചക പുരക്ക് സമീപം പ്രത്യേകം തയ്യാറിക്കിയ സ്ഥലത്ത് നിന്നാണ് ഭക്ഷണം പാകം ചെയ്തത്. പാചക പുരക്ക് സമീപമുള്ള ഹാളില്‍ കുന്ദമംഗലത്ത് എത്തിയവര്‍ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ മര്‍കസിലെത്തിയവര്‍ക്ക് ഭക്ഷണം അവിടെ എത്തിച്ചു നല്‍കുന്നുണ്ട്.