പാലക്കാട്: കോണ്‍ഗ്രസില്‍ തുടരുമെന്ന് പി. സരിന്‍. സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍. നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുമെന്നും കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ കൂടിയായ സരിന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ സരിന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സരിന്‍ ഇടഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിന്‍ വാര്‍ത്തസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്.
‘ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം. എന്നെ ഇത്ര നിസ്സാരനാക്കരുത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരും. വിമര്‍ശനം നേതൃത്വത്തിനെതിരെയാണ്. കോണ്‍ഗ്രസിന്റെ ഉള്ളില്‍ ലയിച്ചുചേര്‍ന്നിരിക്കുന്ന ചില മൂല്യങ്ങളില്‍ തനിക്ക് ഇന്നും വിശ്വാസമുണ്ട്. പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്ന രീതി മാറി. യാഥാര്‍ഥ്യം മറന്ന് കണ്ണടക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ വിലകൊടുക്കേണ്ടിവരും’ -സരിന്‍ പറഞ്ഞു.