കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുന്ന ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറോടെ ഭിന്നശേഷി വിവര രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് സെന്റ് ജോസഫ്സ് ദേവഗിരി കോളേജില്‍ സംഘടിപ്പിച്ച മെഗാ ഡാറ്റ എന്‍ട്രി ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.ജില്ലയിലെ എല്ലാ ഭിന്നശേഷിക്കാര്‍ക്കും തന്‍മുദ്ര രജിസ്‌ട്രേഷനും യുഡിഐഡി കാര്‍ഡും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന സഹമിത്ര പദ്ധതിയുടെ ഭാഗമായാണ് മെഗാ ക്യാമ്പ്സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഭിന്നശേഷിക്കാരുടെ വിവരശേഖരണത്തിനായി ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെയാണ് സഹമിത്ര പദ്ധതി ജില്ലയില്‍ നടപ്പിലാക്കിവരുന്നത്. ഭിന്നശേഷിക്കാരില്‍ നിന്ന് അടിസ്ഥാന വിവരങ്ങളടങ്ങളിയ ഫോം പൂരിപ്പിച്ചുവാങ്ങി അവ ഉപയോഗിച്ച് യുഡിഐഡി കാര്‍ഡ്, തന്‍മുദ്ര രജിസ്‌ട്രേഷന്‍ നടത്തുകയാണ് ചെയ്തുവരുന്നത്. ശേഖരിച്ച മുഴുവന്‍ വിവരങ്ങളും ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍, എന്‍എസ്എസ്, ക്യാംപസസ് ഓഫ് കോഴിക്കോട് വളണ്ടിയര്‍മാര്‍, ജില്ലാ കലക്ടറുടെ ഇന്റേര്‍ണുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഡാറ്റാ എന്‍ട്രി നടത്തിവരികയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഇത്രയേറെ വിപുലമായ രജിസ്‌ട്രേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം എടുക്കും എന്നതിനാലാണിതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ വിവിധ കോളേജുകളിലായി നടന്ന ക്യാംപുകളിലൂടെ 20,000തിതലേറെ പേരുടെ വിവരങ്ങള്‍ തന്‍മുദ്ര വെബ്‌സൈറ്റിലും ഒന്‍പതിനായിരത്തോളം പേരുടെ വിവരങ്ങള്‍ യുഡിഐഡി പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഏത് ആനുകൂല്യം ലഭിക്കണമെങ്കിലും യുഡിഐഡി കാര്‍ഡ് ഉണ്ടായിക്കുകയെന്നത് വളരെ പ്രധാനമാണ്. രണ്ടാഴ്ചയ്ക്കകം ഇതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ആവശ്യമെങ്കില്‍ പ്രത്യേക ക്യാംപ് സംഘടിപ്പിച്ച് അടുത്ത മാസത്തോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ നടന്ന മെഗ്യാ ക്യാമ്പില്‍ സെന്റ് ജോസഫ്സ് ദേവഗിരി കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ്, നടക്കാവ് ഹോളി ക്രോസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള 500ലേറെ സ്റ്റുഡന്റ് വളണ്ടിയര്‍മാരും എന്‍എസ്എസ് പ്രവര്‍ത്തകരും പങ്കെടുത്തു. ക്യാമ്പിന് കേരള സാമൂഹ്യ സുരക്ഷ മിഷന്‍ ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടറുടെ ഇന്റേണുകള്‍, ഓരോ കോളേജിലെയും മാസ്റ്റര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.