താരസംഘടന അമ്മയുടെ ഭരണസമിതിയുടെ രാജിയിലും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണങ്ങളിലും പ്രതികരണവുമായി ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും, ഇതിന് കോര്‍ കമ്മിറ്റിക്ക് ചുമതല നൽകും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബർ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. കമ്മിറ്റി റിപ്പോർട്ടിൻ മേൽലുള്ള തുടർ നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങൾ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വരാത്ത സാഹചര്യത്തിൽ സർക്കാരിനോട് പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്നാണ് പൊലീസ് തീരുമാനം. അതേസമയം, കമ്മിറ്റിക്ക് മുന്നിൽ പരാതി നൽകിയവർ പൊലീസിൽ നേരിട്ട് മൊഴി നൽകാൻ തയ്യാറായാൽ കേസെടുക്കും. നടൻ സിദ്ദിഖിനെതിരെ ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ യുവനടി ഡിജിപിക്ക് നൽകിയ പരാതി ഇന്ന് അന്വേഷണ സംഘത്തിലുളള ഡിഐജി അജീത ബീഗത്തിന് കൈമാറും. അജീത ബീഗം പരാതി കൈമാറിയാൽ ഇന്ന് മ്യൂസിയം പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ദിഖ് നൽകിയ ഗൂഡാലോചന പരാതിയും പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്.