തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് അഞ്ച് മണിക്കൂറുകള്‍. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. അഞ്ച് മണിക്കൂറിലേറെ നേരം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് തിരിച്ചലിന് പ്രതിസന്ധിയാകുന്നത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാനായില്ല.
മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. നിലവില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കി ജോയിയെ കണ്ടെത്താനാണ് ശ്രമം. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം.