ന്യൂഡല്‍ഹി: പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച ഉത്തര്‍പ്രദേശിലെ ഹാഥ്റസിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ദാരുണ സംഭവമാണ് ഹാഥ്റസില്‍ നടന്നത്. ദുരന്തസ്ഥലം സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സന്ദര്‍ശന തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഹഥ്‌റാസ് ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.