തമിഴ്നാട് കോയമ്പത്തൂരിലെ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
20 ആംബുലന്‍സുകള്‍ അപകടം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു. ചീഫ്സെക്രട്ടറി തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബസ് ഡ്രൈവറും കണ്ടക്ടറുമടക്കം ഇതുവരെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

