തിരുവനന്തപുരം: ബിജെപിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തില്‍. തന്തക്ക് പിറന്ന മകളോ തന്തയെക്കൊന്ന സന്തതിയോ എന്നാണ് രാഹുല്‍ മാങ്കുട്ടത്തില്‍ പറഞ്ഞത്. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളില്‍ ആണെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും രാഹുല്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
ലീഡര്‍ കെ കരുണാകരന്റെ ചോരയാണ് കോണ്‍ഗ്രസ്സ്. ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ് . ആ മൂല്യത്തെയാണ് പദ്മജ കൊല്ലാന്‍ ശ്രമിച്ചത്. മുന്‍പൊരിക്കല്‍ പദ്മജ പറഞ്ഞത് അവര്‍ ‘തന്തയ്ക്കു പിറന്ന മകള്‍ എന്നാണ് ‘ . എന്നാല്‍ ഇന്ന് അവര്‍ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോള്‍ , ഇന്ന് മുതല്‍ അവര്‍ അറിയപ്പെടുക ‘തന്തയെ കൊന്ന സന്തതി’ എന്ന പേരിലാകും.
പാര്‍ട്ടി പരിഗണിച്ചില്ല എന്ന് പറയുന്ന പദ്മജക്കു 2004 ല്‍ , 1989 മുതല്‍ കോണ്‍ഗ്രസ്സ് തുടര്‍ച്ചയായി ജയിച്ചിരുന്ന മുകുന്ദപുരം പാര്‍ലിമന്റ് സീറ്റ് നല്‍കി. അവര്‍ പരാജയപ്പെട്ടത് ആരുടെ കുഴപ്പം കൊണ്ടാണ്. 1991 മുതല്‍ കോണ്‍ഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന തൃശൂര്‍ നിയമസഭാ സീറ്റ് 2016 ലും , 2021 ലും കൊടുത്തപ്പോഴും അവര്‍ ജയിച്ചില്ല.
ഇതിനു ഇടയില്‍ KPCC നിര്‍വാഹക സമിതി അംഗം ആക്കി , KPCC ജനറല്‍ സെക്രെട്ടറിയാക്കി, ഒരു മാസം മുന്‍പ് രാഷ്ട്രീയ കാര്യ സമിതിയഗമാക്കി . അപ്പോള്‍ പരിഗണന കിട്ടാഞ്ഞിട്ടല്ല , BJP സാധാരണ ആളുകളെ കൊണ്ട് പോകുന്ന അതേ മാര്‍ഗ്ഗത്തിലൂടെ തന്നെയാണ് പോയത്. ലീഡറുടെ മകള്‍ പോയാല്‍ പോകുന്നതല്ല, ലീഡറുടെ പാരമ്പര്യം.

