മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. യുവതിയെ ഭര്‍ത്താവും മാതാവും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
കഴിഞ്ഞ ജനുവരി 25 ന് പുലര്‍ച്ചെയാണ് പട്ടാമ്പി വിളയൂര്‍, പേരടിയൂര്‍ സ്വദേശിനിയായ ഷാനി എന്ന റംഷീനയെ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂരിലെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ ജനലില്‍ ഷോളില്‍ തൂങ്ങി മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലെ അഞ്ചടിയോളം മാത്രമുള്ള ജനലിന്റെ കമ്പികളില്‍ ഷാള്‍ പലതവണ തിരിച്ചു കെട്ടി കഴുത്തില്‍ കുരുക്കി നിലത്ത് കാലുകുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു.

