കൊല്ലം പറവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതൽ. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ് തുടങ്ങിയ വിശദമായി പരിശോധിച്ച ശേഷമാകും അന്വേഷണ ചുമതലയുള്ള സിറ്റി ക്രൈം ബ്രാഞ്ച് തുടർനടപടികളിലേക്ക് കടക്കുക.
ജനുവരി 21ന് ആണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ വിടവാങ്ങൽ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു അനീഷ്യ ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷ്യയുടേയും കുടുംബത്തിന്റേയും ആരോപണം. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മർദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറി പരവൂർ പൊലീസ് കണ്ടെത്തിയിരുന്നു. ഡയറിയിലെ ആരോപണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജീവനൊടുക്കിയതിന് പിന്നാലെ അനീഷ്യയുടെ വോയിസ് ക്ലിപ്പും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും തൊഴിലിടത്തെ അവഗണനയും ചൂണ്ടിക്കാട്ടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്.
കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചുവെന്നും ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില് അനീഷ്യ ആരോപിക്കുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.