മലയാളത്തോടുള്ള പ്രണയവുമായി ഡോ. ഹെക്കെ ഊബർലീൻ
‘എന്റെ പേര് ഡോ. ഹെക്കെ ഊബർലീൻ. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രഫസറാണ്. ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ലോകകേരള സഭയിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറാൻ എത്തിയതാണ് ഞാൻ’- ജർമനിയിൽ ജനിച്ചുവളർന്ന ഈ പ്രഫസർ ആയാസരഹിതമായി മനോഹരമായ മലയാളത്തിൽ ഇത്രയും പറഞ്ഞ് നിർത്തി. ഇതെങ്ങനെ മലയാളം പഠിച്ചുവെന്ന ചേദ്യത്തിന് ഉടനെ വന്നു മലയാളത്തിൽ തന്നെ മറുപടി; ‘ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ കേരളത്തിലെ കലാമണ്ഡലത്തിൽ വന്നു. അവിടെ വെച്ച് കൂടിയാട്ടവും നങ്ങ്യാർക്കൂത്തും പഠിച്ചു. ഒപ്പം മലയാളവും.
ട്യൂബിംഗൻ സർവകലാശാലയിലെ ഇന്ത്യയെക്കുറിച്ചുള്ള പഠനവിഭാഗം അസോസിയറ്റ് പ്രഫസറാണ് ഡോ. ഹെക്കെ ഊബർലീൻ. സെറ്റ് സാരിയുടുത്ത് രണ്ടാമത് ലോക കേരള സഭയിലെത്തിയ അവർക്ക് ഹെർമൻ ഗുണ്ടർട്ടിനെ പോലെ തന്നെ മലയാളത്തിനോട് വലിയ കമ്പമാണ്. മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടാണ് മലയാളം പഠിക്കാനെന്നും ചിരിച്ചുകൊണ്ടവർ പറഞ്ഞു. ന്റെ ഉപ്പുപ്പാക്ക് ഒരാനണ്ടാർന്നു ഉൾപ്പെടെയുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ, സച്ചിദാനന്ദന്റെ കവിതകൾ, കമലാദാസിന്റെ നോവലുകൾ മുതൽ വള്ളത്തോളിന്റെ കൃതികൾ വരെ അവർ വായിച്ചിട്ടുണ്ട്. ഇൻഡോളജി വിദ്യാർഥിയായിരിക്കുമ്പോൾ 1993ലാണ് പഠനത്തിന്റെ ഭാഗമായി ആദ്യമായി കേരളത്തിലെത്തിയതെന്നും അവർ പറഞ്ഞു.
മതപ്രചാരണത്തിന്റെ ഭാഗമായി 1838ൽ കേരളത്തിലെത്തുന്നതിനു മുമ്പ് ഹെർമൻ ഗുണ്ടർട്ട് ഡോക്ടറേറ്റ് എടുത്ത യൂണിവേഴ്‌സിറ്റിയാണ് ട്യൂബിംഗൻ സർവകലാശാല. ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന ചരിത്രപ്രാധാന്യമുള്ള നിരവധി രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കിയിരിക്കുകയാണ് സർവകലാശാല ലൈബ്രറി. മലയാളത്തിനു പുറമെ, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങൾ, ലഘുലേഖകൾ, താളിയോലകൾ, ഹെർമ്മൻ ഗുണ്ടർട്ടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും എഴുതിയ പുസ്തകങ്ങൾ തുടങ്ങിയവയും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിനും മലയാളഭാഷാ വ്യാകരണത്തിനുമായി അദ്ദേഹം തയ്യാറാക്കിയ കുറിപ്പുകളും ഇതിൽപ്പെടും. ഇവയിൽ പലതും മറ്റൊരിടത്തും ലഭിക്കാനിടയില്ലാത്ത രേഖകളാണെന്ന് ഡോ. ഹെക്കെ ഊബർലീൻ പറയുന്നു. 142 കയ്യെഴുത്തുപ്രതികളടക്കം 849 ശീർഷകങ്ങളിലുള്ള 1,37,148 പേജുകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇവയിൽ 24,000 പേജുകൾ ഓൺലൈനിൽ തെരയാവുന്ന വിധത്തിൽ യൂണികോഡിലേക്ക് മാറ്റിയിട്ടുമുണ്ട്. https://www.gundert-portal.de/ എന്ന അഡ്രസിൽ ഈ രേഖകൾ സൗജന്യമായി ലഭ്യമാണ്.
ഹെർമൻ ഗുണ്ടർട്ട് തുടങ്ങിവച്ച ദൗത്യം മറ്റൊരുവിധത്തിൽ തുടരാനാവുന്നുവെന്നതിൽ സർവകലാശാലയ്ക്കും തനിക്ക് വ്യക്തിപരമായും വലിയ അഭിമാനമുണ്ടെന്ന് ഡോ. ഊബർലീൻ പറഞ്ഞു. കേരളത്തിൽ നിന്ന് മലയാളം പഠിച്ച് ജർമനിയിൽ തിരിച്ചെത്തിയ ശേഷം ഏതാനും കുട്ടികളെ മലയാളം പഠിപ്പിച്ചുതുടങ്ങിയിരുന്നു. ഇപ്പോൾ സർവകലാശാല നടത്തുന്ന പ്രാഥമിക മലയാളം കോഴ്‌സിൽ ജർമിനിക്കു പുറമെ, മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പഠിക്കുന്നുണ്ട്.
മതപ്രചാരണത്തിന്റെ ഭാഗമായാണ് ഗുണ്ടർട്ട് കേരളത്തിലെത്തിയതെങ്കിലും മലയാളത്തോടുള്ള സ്‌നേഹമാണ് അദ്ദേഹത്തെ കേരളം ഇന്നും സ്‌നേഹത്തോടെ അനുസ്മരിക്കാൻ കാരണമെന്ന് ഡോ. ഊബർലീൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ നടത്തിയ യൂറോപ്യൻ പര്യടനത്തിനിടെ ട്യൂബിംഗൻ സർവകലാശാല സന്ദർശിക്കാനും ഈ രേഖകൾ ഏറ്റുവാങ്ങാനും ആലോചിച്ചിരുന്നതാണ്. എന്നാൽ സമയക്കുറവുമൂലം അന്നു നടന്നില്ല. അതുകൊണ്ടാണ് അവ നേരിട്ട് സമർപ്പിക്കാൻ താൻ ലോക കേരള സഭയിലെത്തിയതെന്നും അവർ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഡിജിറ്റൽ രേഖകളുടെ ഹാർഡ് ഡിസ്‌ക് ഡോ. ഊബർലീൻ മുഖ്യമന്ത്രിക്ക് കൈമാറി.