രാഷ്ട്രപതി പങ്കെടുത്ത ബിരുദാനന്തര ചടങ്ങില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പോണ്ടിച്ചേരി യൂണിവേര്‍ഴ്സിറ്റിയുടെ സ്വര്‍ണ്ണമെഡല്‍ നിരസിച്ച് കുന്ദമംഗലം സ്വദേശിയായ വിദ്യാര്‍ത്ഥിനി. എംഎ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒന്നാം റാങ്കും സ്വര്‍ണ്ണമെഡലും നേടിയ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി റബീഹ അബ്ദുറഹീമിനെയാമ് രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ നിന്ന് സുരക്ഷ ഉദ്യോഗസ്ഥന്മാര് പുറത്താക്കിയത്.
ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ ഒപ്പുവെച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണുകളടക്കം വിലക്കി കനത്ത സുരക്ഷ ഒരുക്കിയ ചടങ്ങില്‍ മുന്‍കൂട്ടി നല്കിയ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചത്. എന്നാല്‍ യാഥൊരു പ്രകോപനവുമില്ലാതെ റബീഹയെ സുരക്ഷ ഉദ്യോഗസ്ഥന്മാര് പുറത്താക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതി പോയതിന് ശേഷമാണ് റബീഹയെ അകത്തേക്ക് കടത്തിവിട്ടത്. തനിക്ക് നേരിട്ട അപമാനത്തില്‍ പ്രതിഷേധിച്ച റബീഹ സ്വര്‍ണമെഡല്‍ നിരസിച്ച് സര്‍ട്ടിഫിക്കറ്റ് മാത്രം വാങ്ങുകയായിരുന്നു. പോലീസ് അതിക്രമങ്ങള്‍ക്കെതിരെയും സമാധാനത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തന്റെ നിലപാട് ഒരു സന്ദേശമാവുമെന്നാണ് കരുതുന്നതെന്നും റബീഹ പറഞ്ഞു.
ജിദ്ദയില്‍ ജോലിചെയ്യുന്ന കുന്ദമംഗലം സ്വദേശി അബ്ദുറഹീമിന്റെയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി എ. റഹ്മത്തുന്നീസയുടെയും മകളാണ് റബീഹ