സംസ്ഥാന സ്കൂൾ കായികമേളയിൽ അവസാന ദിവസവും പാലക്കാടിന്റെ കുതിപ്പ്. 200 പോയിന്റ് മറികടന്ന പാലക്കാട് ഏകദേശം കിരീടം ഉറപ്പിച്ചു. എന്നാലും അട്ടിമറി അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മിക്ക മല്‍സരങ്ങളിലും പാലക്കാട് മുൻതൂക്കം തുടരുകയാണ്. അവസാനദിവസവും റെക്കോർഡുകൾക്കും കുറവില്ല.
കാസറഗോഡ് നിന്നുള്ള സർവെൻ രണ്ടു റെക്കോർഡുകളാണ് നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയിരുന്ന സർവെൻ ഇന്ന് സീനിയർ വിഭാഗം ഷോട്പുട്ടിൽ മീറ്റ് റെക്കോർഡ് നേടി. കാസർഗോഡ് കുട്ടമ്മത്ത് സ്കൂൾ വിദ്യാർത്ഥിയാണ് സർവൻ. കോതമംഗലം സെൻറ് ജോർജ് എച്ച് എസ് എസിലെ അലക്സ് പി തങ്കച്ചന്റെ 16.53 എന്ന റെക്കോർഡ് ആണ് തിരുത്തിയത്. സീനിയർ വിഭാഗത്തിൽ ഷോട്ട്പുട്ടിൽ 17.58 ദൂരം കണ്ടെത്തിയാണ് സർവെൻ റെക്കോർഡ് നേടിയത്.
സീനിയർ ഗേൾസ് ഹമാർ ത്രോയിൽ ആലപ്പുഴയുടെ ആഷ്ലി ത്രേസ്യയ്ക്ക് സ്വർണം. മലപ്പുറത്തിന്റെ സുഹൈമ നിലോഫറിന് വെള്ളിയും എറണാകുളത്തിന്റെ ആൻ മരിയ വെങ്കലവും നേടി. സീനിയർ ഗേൾസ് 800 മീറ്ററിൽ കോഴിക്കോട് സ്വർണം നേടിയപ്പോൾ എറണാകുളത്തിന് വെള്ളിയും മലപ്പുറം വെങ്കലവും നേടി.