സ്വകാര്യപണമിടപാട് സ്ഥാപനൽനിന്ന്, ജീവനക്കാരായ രണ്ട് യുവതികൾ 42.72 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി കോട്ടയം തലയോലപ്പറമ്പിലെ പണമിടപ്പാട് സ്ഥാപനത്തിലാണ് സംഭവം. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവിപ്രജിത്ത് (35) എന്നിവരുടെ പേരിൽ കേസെടുത്തു.
വിശ്വാസലംഘനം, വഞ്ചന, തെളിവുനശിപ്പിക്കൽ,സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നിവ ചുമത്തിയാണ് കേസ്. ഡി.വൈ.എഫ്.ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും, പാർട്ടി അംഗവുമാണ് കൃഷ്‌ണേന്ദു. ഭർത്താവ് അനന്തു ഉണ്ണി സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഉദയംപേരൂർ സ്വദേശിയുടേതാണ് തലയോലപ്പറമ്പിലെ പണമിടപാട് സ്ഥാപനം. ഇവിടെത്തെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫീസറുമായ കൃഷ്‌ണേന്ദുവും ഗോൾഡ് ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 2023 ഏപ്രിൽ മുതൽ ഉപഭോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തു.
ഈ പണം കൃഷ്‌ണേന്ദു സ്വന്തംപേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കുമാണ് മാറ്റിയത്. കൂടാതെ പണം ഇടപാടുകാർ നൽകിയത് ഉടവമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകൾക്ക് കേടുവരുത്തി, തെളിവുകൾ നശിപ്പിച്ചു. തട്ടിയെടുത്ത പണം എന്തിനാണ് ഉപയോഗിച്ചതെന്നും കേസിൽ മറ്റ് പ്രതികളുണ്ടോ എന്നും കൂടുതൽ അന്വേഷണം നടത്തിയാലേ കണ്ടെത്താനാകൂവെന്ന് പോലീസ് പറഞ്ഞു.
അനന്തു ഉണ്ണിയുടെയും ഭാര്യ കൃഷ്ണേന്ദുവിന്റെയും ഗുരുതരമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പാർട്ടിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരെയും പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റി മേൽഘടകങ്ങൾക്ക് കത്തുനൽകി. കത്ത് ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലാണ്

