സർക്കാർ തല ഓണാഘോഷത്തിനൊരുങ്ങി തലസ്ഥാന നഗരി. ഓണാഘോഷങ്ങളുടെ സംഘാടക സമിതി ഓഫിസ് ടൂറിസം ഡയറക്ട്രേറ്റിൽ പ്രവർത്തനമാരംഭിച്ചു. ചടങ്ങിൽ ഓണം വാരാഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.
ഓണാഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.അടുത്ത മാസം രണ്ടിന് വൈകിട്ട് മാനവീയം വീഥിയിൽ ഘോഷയാത്ര ആരംഭിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 27ന് മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഓണാഘോഷ പരിപാടികൾക്കായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് തലസ്ഥാന നഗരം. ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് മുന്നോടിയായാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചത്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും സംഘാടക സമിതി ഓഫിസ് സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
27 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം. തലസ്ഥാനത്തും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും വ്യാപക ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.