തിരുവനന്തപുരം: ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന പ്രചരണത്തിൽ വ്യക്തത വരുത്തി കെഎസ്ഇബി. എത്രയും വേഗം പണമടച്ചില്ലെങ്കിലോ, ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലോ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്നാണ് കെഎസ്ഇബി അറിയിച്ചത്.
ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ മലയാളത്തിലും ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായും ഫേസ്ബുക്കിൽ പങ്കുവെയ്ക്കപ്പെട്ട കുറിപ്പിൽ പറയുന്നു.വ്യാജസന്ദേശത്തിലെ നമ്പരിൽ ബന്ധപ്പെടുന്നവരോട് കെഎസ്ഇബി ഉദ്യോഗസ്ഥനെന്ന പേരിൽ തട്ടിപ്പുകാർ സംസാരിക്കും.
പിന്നാലെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിക്കുകയും ഇത് വഴി ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്നതാണ് രീതിയെന്നും കുറിപ്പിൽ പറയുന്നു. കെഎസ്ഇബിയിൽ നിന്നാണോ സന്ദേശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാനുള്ള രീതിയും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി തുടങ്ങിയവ ഒരു ഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതല്ല. വ്യാജസന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുതെന്നും ജാഗ്രത പുലർത്തണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നുണ്ട്.

