നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം
നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്/പെന്‍ഷന്‍ ഐ.ഡി സഹിതം അക്ഷയകേന്ദ്രങ്ങളില്‍ നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം. കിടപ്പിലായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗിനായി അപേക്ഷ 29 നകം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് : തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നം. 071/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ജൂണ്‍ 30ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയ്ക്ക് 2019 നവംബര്‍ 13 ന് തിരുത്തല്‍ വിജ്ഞാപനം പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സത്യപ്രതിജ്ഞ 22 ന്
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായി നിയമിതരായ കെ രവീന്ദ്രന്‍, ഗീതാബായ് ഇ.കെ, കൊട്ടറ വാസുദേവ്, വി കേശവന്‍, എ പ്രദീപന്‍, ടി.എന്‍ ശിവശങ്കരന്‍, സുബ്രഹ്മണ്യന്‍ ടി.കെ എന്നിവരുടെ സത്യപ്രതിജ്ഞ നവംബര്‍ 22 ന് രാവിലെ 11.30 മണിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസുമാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍ പി.പി വിമല അധ്യക്ഷത വഹിക്കും. ബോര്‍ഡ് കമ്മീഷണര്‍ കെ. മുരളി സത്യവാചകം ചൊല്ലിക്കൊടുക്കും. ഫോണ്‍ – 0495 2367735.
റേഷന്‍ കാര്‍ഡ് : 26 മുന്‍ഗണന കാര്‍ഡുകള്‍ പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു
റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം പഞ്ചായത്തിലെ മുറിയനാല്‍, ചൂലാംവയല്‍, പതിമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച 26 മുന്‍ഗണന, സബ്സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു. ഇരുനില വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാര്‍ഡുകളാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ.എന്‍.കെ,അസി. താലൂക്ക് സപ്ലൈ ഓഫീസറായ അനൂപ്. ടി. സി, റേഷനിംഗ് ഇന്‍സ്പെക്ടറായ രമേഷ് കുമാര്‍. എ. വി, ജീവനക്കാരായ റിഷാജ്. കെ, പി. കെ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.
പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വിലയും പിഴയും ഈടാക്കുന്നതിനുള്ള നടപടികള്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരം സ്വീകരിക്കും. ഇപ്രകാരം അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍ കാര്‍ഡുകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. അല്ലാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വില ഈടാക്കുന്നതും കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ / ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്സി ഒഴികെ), കുടുംബത്തിന് പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ/എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കാര്‍ഡുകള്‍ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡ് തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഗതാഗതം നിയന്ത്രണം
മൂടാടി ടൗണ്‍-മുചുകുന്ന് ഹില്‍ ബസാര്‍ റോഡില്‍ പുനരുദ്ധാരണ പ്രവ്യത്തിയുടെ ഭാഗമായി ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 20) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡില്‍ ഗതാഗതം നിയന്ത്രിച്ചു. റോഡിലൂടെ കടന്നുപോകേണ്ട വാഹനങ്ങള്‍ ആനക്കുളം വഴി മുചുകുന്നിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
പൂക്കാട്-തോരായിക്കടവ് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലുടെയുള്ള ഗതാഗതം ഇന്ന് (നവംബര്‍ 20) മുതല്‍ പ്രവൃത്തിതീരുന്നതുവരെ നിരോധിച്ചു. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ വെറ്റിലപ്പാറ – കൊളക്കാട് വഴി തോരായിക്കടവിലേക്ക് പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
റോട്ടാ വൈറസ് വാക്സിന്‍ വിതരണം ഇന്ന്
ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ റോട്ട വൈറസ് വാക്സിന്‍ വിതരണത്തിന് ജില്ലയില്‍ ഇന്ന് (നവംബര്‍ 20) മുതല്‍ തുടക്കമാകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 9 മണിക്ക് കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവു നിര്‍വഹിക്കും. ഒരു വയസ്സിനു താഴെയുള്ള കുട്ടികളില്‍ കാണപ്പെടുന്ന വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന റോട്ടാ വൈറസിനെതിരെയാണ് വാക്സിന്‍ നല്‍കുന്നത്. 6, 10, 14 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കുത്തിവെപ്പിനോടൊപ്പമാണ് വാക്സിന്‍ നല്‍കുക. ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് ദേശീയതലത്തില്‍ പ്രതിരോധകുത്തിവെപ്പ് പട്ടികയില്‍ ഈ വാക്സിന്‍ ഉള്‍പ്പെടുത്തിയത്. 2.5 മില്ലി ഡോസ് ആണ് കുട്ടികള്‍ക്ക് നല്‍കുക. നേരത്തെ തന്നെ ദേശീയതലത്തിലും സ്വകാര്യ ആശുപത്രികളിലും ഈ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്.