ശക്തിധരന്റെ വെളിപ്പെടുത്തലിൽ സർക്കാർ കള്ളക്കളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡി.ജി.പി., എ.ഡി.ജി.പിക്ക് കേസ് കൈമാറിയത് തേച്ചു മായ്ചുകളയാൻ വേണ്ടിയാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എവിടെയാണോ സംഭവം നടന്നത് ആ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷിക്കുകയാണ് സാധാരണ ഗതിയില്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുയര്‍ന്ന ആരോപണമായതുകൊണ്ട് കേസ് തേച്ച് മായിച്ചുകളയാന്‍ എഡിജിപിയെ ഏല്‍പ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
‘പോലീസ് നടപടികളെപ്പറ്റി പരിചയമുള്ള ഒരാളും ഇതംഗീകരിക്കില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പരമാവധി വൈകിപ്പിച്ച് കേസ് ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നില്‍. ദേശാഭിമാനി പോലൊരു പത്രത്തിലെ അസോസിയേറ്റ് എഡിറ്ററായിരുന്ന ശക്തിധരന്റെ വെളിപ്പെടുത്തല്‍ എന്തുകൊണ്ട് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല? പരാതി കിട്ടിയാല്‍ മാത്രമേ കേന്ദ്ര ഏജന്‍സിക്ക് അന്വേഷിക്കാന്‍ സാധിക്കൂ എന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന് പറയുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കള്ളക്കളിയുടെ ഭാഗമാണിത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികളായ ഇ.ഡിക്കും സി.ബി.ഐയ്ക്കും ഒരു പരാതിയുടെയും ആവശ്യം വന്നില്ല’, ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റിനെ വേട്ടയാടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും അത്തരത്തിൽ വേട്ടയാടൽകൊണ്ട് കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയതിന് ശേഷമാണ് ഇത്തരം പ്രതിഭാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
‘രാഷ്ട്രീയ വ്യത്യാസമുള്ള നേതാക്കള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കുന്നു. കരിങ്കൊടി കാട്ടിയതിന് എംഎസ്എഫുകാരെ പോലീസ് കൈയാമം വെയ്ക്കുന്നു. വ്യാജ ഡിഗ്രി ഉണ്ടാക്കിയ നിഖിലിനെയും സര്ട്ടിഫിക്കറ്റുണ്ടാക്കിയ വിദ്യയെയും പോലീസ് കൈയാമം വെയ്ക്കുന്നില്ല. എന്നാല്‍, പ്ലസ്ടുവിന് സീറ്റ് കൂട്ടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിനാണ് വിദ്യാര്‍ഥികളെ കൈയാമം വെച്ചത്. എന്തൊ സാരമായ തകരാര്‍ ഭരണത്തില്‍ വന്നിട്ടുണ്ട്. ഇതൊക്കെ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണോ അതോ പൊളിറ്റിക്കല്‍ സെക്രട്ടറിയാണോ ഇതൊക്കെ ചെയ്യുന്നതെന്നതാണ് അറിയേണ്ടത്’, ചെന്നിത്തല പറഞ്ഞു.

