15 മുതൽ 18 വരെ പ്രായമായവർക്കുള്ള കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ http://www.cowin.gov.in എന്ന വെബ്സൈറ്റ് വഴി നാളെ മുതൽ അരംഭിക്കും. തിങ്കളാഴ്ച മുതലാണ് കൊവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത്. വാക്സിനേഷന് അർഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാർ സംസ്ഥാനത്തുണ്ട്.
രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയൽ രേഖ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് ഇല്ലാത്തവർക്ക് സ്കൂളിലെ തിരിച്ചറിയൽ കാർഡും ഉപയോഗിക്കാം. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പറിൽ നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാനാവും. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി സ്പോട്ട് റജിസ്റ്റർ ചെയ്യാനും തടസ്സമില്ല.
പ്രായപൂർത്തിയായവരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ് മുതലുള്ളവരെന്നും കൗമാരക്കാർക്ക് കൊവിഡ് വാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുമെന്നും കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ എൻ കെ അറോറ പറഞ്ഞിരുന്നു.
15 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മാർഗ നിർദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണെന്നും എല്ലാ കുട്ടികൾക്കും സുരക്ഷിതമായി വാക്‌സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജനനത്തീയതി അനുസരിച്ച് 18 വയസ് തുടങ്ങുന്നത് മുതൽ വാക്‌സിൻ നൽകിയിട്ടുണ്ട്. അതനുസരിച്ച് 15, 16, 17 വയസുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകിയാൽ മതിയാകും. ഈ ഏജ് ഗ്രൂപ്പിൽ 15 ലക്ഷത്തോളം കുട്ടികളാണുള്ളത്. കുട്ടികളായതിനാൽ അവരുടെ ആരോഗ്യനില കൂടി ഉറപ്പ് വരുത്തും. ഒമിക്രോൺ പശ്ചത്തലത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.