കോവിഡ്–19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ലല്ലോ. ജനുവരി ആദ്യവാരത്തോടെ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാം. പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
· എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകള്‍ ഉപയോഗിക്കുക.
· യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കില്‍ മാസ്‌ക് വച്ച് സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്‌ക് മാറ്റുക.
· എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്.
· കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്. ക്ലാസ്മുറിക്ക് പുറത്തോ സ്‌കൂള്‍ പരിസരത്തോ കൂട്ടംകൂടി നില്‍ക്കരുത്.
· അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
· യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.
· ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ കുട്ടികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും ക്ലാസുകളില്‍ വരാന്‍ പാടില്ല. ഇത് പ്രധാന അധ്യാപകരും മറ്റധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കളുമായി അധ്യാപകര്‍ ആശയ വിനിമയം നടത്തേണ്ടതാണ്. അഥവാ വന്നാല്‍ അടുത്തുളള സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ അല്ലെങ്കില്‍ ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടുക.
· ഓരോ കുട്ടിയും കുടിവെളളം പ്രത്യേകം കുപ്പിയില്‍ കൊണ്ടുവരേണ്ടതാണ്. കുടിവെളളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.
· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. അതിനാല്‍ ഇക്കാര്യം ക്ലാസുകളിലും സ്റ്റാഫ് മുറികളിലും അധ്യാപകരും വിദ്യാര്‍ത്ഥികളും വളരെ ശ്രദ്ധിക്കേണ്ടതാണ്. അടുത്തിരുന്ന് ഭക്ഷണം കഴിക്കരുത്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് കുട്ടികള്‍ വീതം കഴിക്കുന്നെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. സാമൂഹിക അകലം പാലിക്കണം. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
· ഉപയോഗശേഷം മാസ്‌കുകള്‍, കൈയുറകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.
· കുട്ടികള്‍ കൂട്ടം കൂടരുത്. കോവിഡ് രോഗാണു വ്യാപനത്തിന് കൂടുതല്‍ സാധ്യത ഉളളതിനാല്‍ കൂട്ടംകൂടിനിന്ന് ഉച്ചത്തില്‍ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്.
· ടോയ്‌ലറ്റുകളില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
· തുണിമാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക.
· ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
· വീട്ടിലെത്തിയ ഉടന്‍ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകിയിട്ട് കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
· ഈ പ്രത്യേക സാഹചര്യത്തില്‍ വീട്ടിലെ വയോജനങ്ങളുമായും ചെറിയ കുട്ടികളുമായും അസുഖമുള്ളവരുമായും അടുത്തിടപഴകരുത്.
· ഈ കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട ആരോഗ്യശീലങ്ങള്‍ അധ്യാപകര്‍ ഓര്‍മ്മപ്പെടുത്തേണ്ടതാണ്. വിദ്യാര്‍ത്ഥികളിലൂടെ അവരുടെ വീടുകളിലേക്കും മികച്ച ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും.
· വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരം എല്ലാ സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്‍ രൂപീകരിക്കുകയും പ്ലാന്‍ തയ്യാറാക്കുകയും വേണം. ഇതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദിവസേന റിപ്പോര്‍ട്ട് നല്‍കണം.
· എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
· നന്നായി ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. രാത്രിയില്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക.
· അധ്യാപകര്‍ക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.