മംഗളൂരു: ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കുരിയാല്‍ ഗ്രാമത്തിലെ ഇരക്കൊടിയില്‍ അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ബണ്ട്വാള്‍ തെങ്കബെല്ലരുവിലെ സുമിത് ആചാര്യ (27), ബഡഗബെല്ലൂരുവിലെ രവിരാജ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അബ്ദുറഹ്മാന് കൊല്ലപ്പെട്ടത്. കൊലപാതകത്തെതുടര്‍ന്ന് ദക്ഷിണകന്നഡ ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാള്‍ താലൂക്കില്‍ കുരിയാല്‍ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തന്‍ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

