ലോക്ഡൗണ്‍ ലംഘിച്ച് ആദ്യകുര്‍ബാന നടത്തിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റിലായി. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇരുപത്തഞ്ചോളം പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് പള്ളിയില് ആദ്യ കുര്‍ബാന സംഘടിപ്പിച്ചത്. കുട്ടികളുള്‍പ്പടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
വൈദികനുള്‍പ്പടെയുള്ളവര്‍ക്കെതിരെ പകര്‍ച്ചാവ്യാധി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഫാ. ജോര്‍ജ് പാലമറ്റത്തെ ജാമ്യത്തില്‍ വിട്ടു.