തൃശൂർ കുണ്ടന്നൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് അപകടത്തിൽ 90ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.ഇന്ന് പുലർച്ചെയോടെയാണ് മണികണ്ഠൻ മരിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് വടക്കാഞ്ചേരി കുമ്പളങ്ങാട് കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്താനും നിർദേശം നൽകിയിട്ടുണ്ട്.
വെടിക്കെട്ട് അപകടത്തിൽ ലൈസൻസിയെയും സ്ഥലമുടമയെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലൈസൻസി ശ്രീനിവാസൻ, സ്ഥലമുടമ സുന്ദരേശൻ എന്നിവരുടെ അറസ്റ്റ് വടക്കാഞ്ചേരി പൊലീസ് രേഖപ്പെടുത്തി. ഫോറൻസിക് വിഭാഗം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. എക്‌സ്‌പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

