കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്രപരിചണവിഭാഗത്തില്‍ തുടരുന്നു. റിനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎല്‍എയ്ക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎല്‍എ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സാനിധ്യത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് കഴിഞ്ഞ രാത്രിയില്‍ ഡോക്ടര്‍മാര്‍ അറിയിച്ചത്. മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിനെ തുടര്‍ന്നാണ് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉള്‍പ്പെടെയുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ പത്തരയോടെ ഇറക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.