News

കയ്യേറ്റം തടയുന്നതിന് ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ അതിരുകള്‍ പുനഃസ്ഥാപിക്കും

ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ കയ്യേറ്റം കണ്ടെത്തുന്നതിനായി മുഴുവന്‍ പൊതുമരാമത്ത് റോഡുകളുടെയും അതിരുകള്‍ പുനഃപരിശോധന നടത്തി കല്ലുകള്‍ സ്ഥാപിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി സബ്ഡിവിഷണല്‍ തലത്തില്‍ കമ്മിറ്റി രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുന്നതിനും ജില്ലാ വികസന സമിതി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. ഇ.കെ വിജയന്‍ എം.എല്‍.എ യാണ് ഈ വിഷയം ഉന്നയിച്ചത്. മുക്കം അഗസ്ത്യമുഴിയില്‍ പി.ഡബ്ലിയു.ഡിയുടെ സ്ഥലം സ്വകാര്യവ്യക്തി കയ്യേറി വളച്ചുകെട്ടിയത്ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, ഇ.കെ വിജയന്‍, കെ. ദാസന്‍, കാരാട്ട് റസാഖ്, സി.കെ നാണു, പുരുഷന്‍ കടലുണ്ടി, നഗരസഭാ ചെയര്‍മാന്മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വ്യാജമദ്യം, മയക്കുമരുന്ന് വ്യാപനം എന്നിവ തടയുന്നതിന് എക്‌സൈസ്- പൊലീസ് വകുപ്പുകള്‍ ഏകോപനത്തോടെ നടപടികള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം എക്‌സൈസ് വകുപ്പിന്റെ പരിശോധന ശക്തിപ്പെടുത്തണമെന്ന് സി.കെ നാണു എം.എല്‍.എ ആവശ്യപ്പെട്ടു. ഡി അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം നവീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.  ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിന് ജലസേചന കുറവ് പരിഹരിക്കാന്‍ നടപടികള്‍ വേണമെന്ന് കെ. ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വടകര ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ ശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മതിയായ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടില്ലെന്നും നടപടി വേണമെന്നും സി.കെ നാണു എം.എല്‍.എ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫസര്‍ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലന് അനുവദിച്ച് ബസ് അവര്‍ ഉപയോഗിക്കാത്തതിനാല്‍ നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കൈമാറാന്‍ സി.കെ നാണുവിന്റെ ആവശ്യ പ്രകാരം വികസന സമിതി യോഗം തീരുമാനിച്ചു. മുക്കം നഗരസഭാ ചയര്‍മാനാണ് നീലേശ്വരം സ്‌കൂളിന് ബസ് ആവശ്യമുണ്ടെന്നും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അറിയിച്ചത്.
നല്ലളം പൊലീസ് സ്റ്റേഷനു സമീപം റോഡ് വശങ്ങളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി വി.കെ.സി മമ്മദ് കോയ എ.എല്‍.എ പരാതിപ്പെട്ടു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള വര്‍ക്കുകളുടെ എസ്റ്റിമേറ്റുകള്‍ വൈകുന്നതായി കാരാട്ട് റസാഖ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് എല്ലാ മാസവും അവലോകന യോഗം ചേരാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. ബാലുശ്ശേരി ടൗണ്‍ നവീകരണ പ്രവൃത്തിയില്‍ കാലതാമസം നേരിടുന്നതുമായി ബന്ധപ്പെട്ട് പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടത് പ്രകാരം ജില്ലാ കലക്ടര്‍ കരാറുകാരനെ ഉള്‍പ്പെടുത്തി യോഗം വിളിച്ച് ചേര്‍ക്കും.
പ്രളയബാധിതരായ ചില കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം ഇനിയും ലഭ്യമാവാത്തത്, പട്ടികജാതി- പട്ടിക വര്‍ഗ കോളനികളിലെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, റോഡുകളില്‍ വീണു കിടക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ലേലനടപടികള്‍ക്കുള്ള തടസ്സങ്ങള്‍ തുടങ്ങി ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ എം.എല്‍.എമാര്‍ ഉന്നയിച്ചു. പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ 70 ശതമാനം പൂര്‍ത്തിയായതായും ഡിസംബര്‍ 31 ഓടെ മുഴുവന്‍ പൂര്‍ത്തിയാക്കുമെന്നുും പി.ഡബ്ലിയു.ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
ലൈഫ് പദ്ധതിയില്‍ ജില്ലയിലെ 11 സ്ഥലങ്ങളില്‍ ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പൈലറ്റ് പദ്ധതിയായി നടപ്പാക്കുന്ന ചാത്തമംഗലം ഭവന സമുച്ചയത്തിന്റെ നിര്‍മാണത്ത്‌ന് ടെണ്ടര്‍ ആയതായും അദ്ദേഹം അറിയിച്ചു. ചേമഞ്ചേരി പഞ്ചായത്തില്‍ ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികളായ നാല് ഗുണഭോക്താക്കള്‍ക്ക് സുനാമി വീടുകള്‍ നല്‍കാനും അര്‍ഹരായ മറ്റുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
പുഴകളില്‍ അടിഞ്ഞുകൂടിയ കല്ലുകള്‍ ഒഴിവാക്കുന്നതിനുള്ള ചെറിയ പ്രവൃത്തികള്‍ ജില്ലാ ദുരന്ത നിവാരണ ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തിയാക്കാനും മരുതോങ്കര, വാണിമേല്‍, പുതുപ്പാടി, കട്ടിപ്പാറ, കരിഞ്ചോലമല എന്നിവിടങ്ങളില്‍ ഇത് സംബന്ധമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ച് ചേര്‍ക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തോടുകളില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ നടപടി സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആകെയുള്ള 65 പ്രവൃത്തികളില്‍ 10 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. 14 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാവുകയും 11എണ്ണം ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഹരിത കേരളവുമായി പദ്ധതികളുടെ പുരോഗതി പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉറപ്പാക്കണം. സ്‌കൂളുകളുകളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തുന്നതിന്റെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നടത്തുന്ന പരിശോധനയുമായി സ്‌കൂള്‍ അധികൃതര്‍ സഹകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. പ്ലാന്‍ ഫണ്ടിന്റെ വിനിയോഗ പുരോഗതിയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പദ്ധതികളുടെ നിര്‍വഹണ പുരോഗതിയും യോഗം വിലയിരുത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!