ഏറെ തീവ്രമായിരുന്നു പലരാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുഎസ് തുടങ്ങിയ പല മുന്‍നിര രാജ്യങ്ങളില്‍ പഴയതിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, രാജ്യങ്ങള്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. അതേസമയം അഭിമാനാര്‍ഹമായ മറ്റൊരു നേട്ടം കുറിച്ചിരിക്കുകയാണ് തായ്‌വാന്‍. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത ഇരുന്നൂറാം ദിനം എന്ന റെക്കോര്‍ഡ് ആണ് തായ്‌വാന്‍ കൈവരിച്ചത്.
വെറും 553 കോവിഡ് കേസുകള്‍ മാത്രമാണ് തായ്‌വാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഏഴ്. ഏപ്രില്‍ 12നാണ് തായ്‌വാനില്‍ അവസാനമായി സമ്പര്‍ക്കവ്യാപന കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പഴുതടച്ച രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സുരക്ഷാമുന്‍കരുതലുകളും നിയമംലംഘിക്കുന്നവര്‍ക്കുള്ള കര്‍ശനശിക്ഷയുമൊക്കെക്കൊണ്ടാണ് മഹാമാരിയെ തായ്‌വാന്‍ അതിര്‍ത്തിക്കപ്പുറം കടത്തിയത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തായ്‌വാന്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തിനകത്തേക്ക് സ്വദേശികളല്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിച്ചു.
സമ്പര്‍ക്ക വ്യാപനക്കേസുകളില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ചുരുക്കം ചിലര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് നിരീക്ഷണം ശക്തമാക്കി. ക്വാറന്റീന്‍ ചെയ്തു. സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡിജിറ്റല്‍ ഫെന്‍സിങ് സംവിധാനവും നടപ്പിലാക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരേയും നിരീക്ഷണത്തിലാക്കി.
നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രത്യേക ഡിജിറ്റല്‍, നോണ്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി.
മാസ്‌കിന്റെ പ്രതിദിന ആഭ്യന്തര ഉത്പാദനം പത്ത് മടങ്ങോളം വര്‍ധിപ്പിച്ചു. രാജ്യത്തെമ്പാടും മാസ്‌ക് വിതരണം ഉറപ്പിച്ചു. റേഷന്‍ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും മാസ്‌ക് വിതരണം ചെയ്തു. മാസ്‌കിന്റെ കയറ്റുമതി വിലക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്നപിഴയും ഈടാക്കി.
പകര്‍ച്ചവ്യാധികളുടെ വ്യാപനത്തെ നേരിടാന്‍ തായ്‌വാന്‍ നേരത്തെ സ്വീകരിച്ചിരുന്ന പ്രതിരോധരീതിയും അനുഭവവും കോവിഡിനെ നേരിടാനും ഫലം ചെയ്തു. 2003ലെ സാര്‍സ് വ്യാപനത്തില്‍ 73 പേരാണ് തായ്‌വാനില്‍ മരണപ്പെട്ടത്. സാര്‍സ്, എച്ച്1എന്‍1. പക്ഷിപ്പനി തുടങ്ങിയവയെ നേരിട്ട അനുഭവപാഠങ്ങള്‍ ജനങ്ങളില്‍ സുരക്ഷാമുന്‍കരുലുകള്‍ ശീലമാക്കാന്‍ പ്രാപ്തരാക്കിയിരുന്നു.
തായ്‌വാന്റെ നേട്ടത്തെ ലോക രാജ്യങ്ങളില്‍ നിന്നുള്ള പലരും പ്രശംസിച്ചിട്ടുണ്ട്. തായ്‌വാന്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നുവെന്നാണ് യുഎസ് സെനറ്റര്‍ ബെര്‍ണീ സാന്‍ഡേര്‍സ് പറഞ്ഞത്. തായ്‌വാന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫലം ഉണ്ടാക്കിയിരിക്കുന്നു. ഓസ്‌ട്രേലിയയോളം ജനസംഖ്യയുള്ള രാജ്യത്തിന്റെ ഈ നേട്ടം വളരെ വലുതാണെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം പ്രൊഫസര്‍ പീറ്റര്‍ കോളിങ്‌നണ്‍ അഭിപ്രായപ്പെട്ടു.