മുന്നാക്ക സംവരണത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുന്നാക്ക സംവരണത്തെ ചിലർ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നു. ജമാഅത്തെ ഇസ് ലാമിയാണ് സംവരണ വിരുദ്ധ സമരത്തിന് ചുക്കാൻ പിടിക്കുന്നതെന്നും സി.പി.എം മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ആരോപിച്ചു.
സാമ്പത്തിക സംവരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു മുസ് ലിം ലീഗ് പിന്നീട് മലക്കം മറിഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള യു.ഡി.എഫിലെ ഘടകകക്ഷികൾ ഇതിന് ചൂട്ടുപിടിക്കുകയാണോ മാപ്പുസാക്ഷിയാകുകയാണോ എന്ന് പരസ്യമായി വ്യക്തമാക്കണം. സാമ്പത്തിക സംവരണത്തിനുള്ള സർക്കാർ ഉത്തരവിനെ മുന്നണി എന്ന നിലയിൽ യു.ഡി.എഫ് തള്ളുമോ കൊള്ളുമോ? അത് വ്യക്തമാക്കാനുള്ള ബാധ്യത ഉണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലെ യു.ഡി.എഫ് പ്രകടനപത്രികയിൽ മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്നതിന് നിർദേശിച്ചിരുന്നു. മുസ് ലിം ലീഗ് അന്ന് അതിനെ അനുകൂലിച്ചു. എന്നാൽ, ഇന്ന് മുന്നണിയിലേക്ക് ജമാഅത്തെ ഇസ് ലാമിയും അവരുടെ കക്ഷിയും പങ്കാളിയായതു കൊണ്ടാകണം പഴയ നിലപാട് തിരസ്കരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.
സർക്കാർ നിലപാട് സംവരണ വിഭാഗത്തെ ചതിക്കുന്നതാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, സാമ്പത്തിക സംവരണ ഉത്തരവിൽ വിപുലീകരണം വേണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംഘടനകളും കക്ഷികളും വ്യക്തികളുമെല്ലാം ഒരേ മനോഭാവമുള്ളവരല്ല. ഇവരിൽ ഒരു കൂട്ടർ മുറുകെ പിടിക്കുന്നത് എൽ.ഡി.എഫ് വിരുദ്ധതയാണ്.
പിന്നാക്ക സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് എൽ.ഡി.എഫ് സർക്കാറിനെതിരെ സംവരണ സംരക്ഷണ പ്രക്ഷോഭത്തിന് യു.ഡി.എഫിലെ മുഖ്യകക്ഷിയായ മുസ് ലിം ലീഗ് ഇറങ്ങിയിരിക്കുകയാണ്. യു.ഡി.എഫിലേക്ക് പുതുതായി ചേർത്തിരിക്കുന്ന വെൽഫയർ പാർട്ടിയുടെ സ്രഷ്ടാവായ ജമാഅത്തെ ഇസ് ലാമിയാണ് സംവരണത്തിന്‍റെ പേരിലെ എൽ.ഡി.എഫ് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത്. ജാതിമത കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹീന നീക്കമാണിതെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമനങ്ങളിൽ പത്ത് ശതമാനം നിയമനം ഇനി കിട്ടും. പട്ടികവിഭാഗത്തിലോ പിന്നാക്ക വിഭാഗത്തിലോ ഉൾപ്പെടുന്നവർക്കാണ് ഇതുവരെ സംവരണം കിട്ടിയത്. അത് സംരക്ഷിച്ചു കൊണ്ടുതന്നെ മുന്നാക്ക സമുദായത്തിലെയും ക്രിസ്ത്യൻ ഉൾപ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും സാമ്പത്തികമായി പിന്നാക്കക്കാരായവർക്കാണ് സംവരണം കിട്ടുക. അതായത്, മുന്നാക്ക സമുദായക്കാർക്ക് മാത്രമല്ല, സംവരണേതര വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാർക്കും ഉദ്യോഗ നിയമനത്തിലും വിദ്യാഭ്യാസ സ്ഥാപന പ്രവേശനത്തിലും സംവരണം ലഭിക്കുമെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.