വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആണ് തുറമുഖ നിര്‍മ്മാണം തുടങ്ങിയതെന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി തുടങ്ങും മുന്‍പ് തന്നെ തീര ശോഷണം ഉണ്ട്. മത്സ്യ തൊഴിലാളികളുടെ ആവശ്യത്തില്‍ ചിലത് ന്യായമാണ്. ഒരു വിഭാഗം കുറച്ച് നാളായി സമരം നടത്തുന്നു. സമരക്കാരുടെ ഏഴ് ആവശ്യത്തില്‍ ഭൂരിഭാഗത്തിലും നടപടി എടുത്തു.
നിര്‍മ്മാണം നിര്‍ത്തി വക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. നിര്‍മാണം നിര്‍ത്തി വെക്കാന്‍ ആകില്ല. ചര്‍ച്ചകള്‍ തുടരുന്നു. പുനരധിവാസ നടപടികളും തുടരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യ തൊഴിലാളികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. തുറമുഖം വന്നാല്‍ തീരം നഷ്ടമാകും എന്നത് അന്ധവിശ്വാസം മാത്രമാണെന്നും ഇത് പരത്താന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും. ഏറെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. അത് മനസ്സിലാക്കിയും ഉള്‍ക്കൊണ്ടും അനുഭവങ്ങളുടെ വെളിച്ചത്തിലും ഈ സമരത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ അടിയന്തിരമായി പിന്തിരിയണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമരം നടത്തുന്നവരുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. തുറമുഖത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ കടലോര മേഖലയില്‍ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആശങ്ക ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ പരിഗണിച്ചുവരികയാണ്. ഇവ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളും സഹകരിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ അവര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും CRZ പരിധിക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. ഇതിനായി തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മുട്ടത്തറയിലുള്ള 8 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന്റെയും CRZ നിയന്ത്രണങ്ങളുടെയും ഭാഗമായി വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പുനരധിവാസം വേണ്ടി വരുന്നവരുടെ ആവശ്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതുവരെ 5500 രൂപ പ്രതിമാസ വാടകയും സര്‍ക്കാര്‍ വഹിക്കും. ഇതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനര്‍ഗേഹം പദ്ധതിയില്‍ 2450 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സര്‍ക്കാര്‍ നടപ്പാക്കുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. തിരുവനന്തപുരം ജില്ലയില്‍ 335 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്. സ്വന്തമായി വീട് വയ്ക്കാന്‍ തയ്യാറാവുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
കൂടാതെ, മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ല. മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. നിലവില്‍ ലിറ്ററിന് 25 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കണം. ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ഒരു പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍ നടപ്പാക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.
പ്രകൃതിക്ഷോഭം പോലുള്ള ഘട്ടങ്ങളിലും കോവിഡ് സാഹചര്യത്തിലും എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായവും, സൗജന്യ റേഷനും, ഭക്ഷ്യക്കിറ്റും, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടര്‍ന്നും ആവശ്യാനുസരണം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

