കുന്ദമംഗലം : വളർന്നു വരുന്ന തലമുറ അക്രമാസക്തരാകുമ്പോൾ തമ്മിലുള്ള കുഞ്ഞു പിണക്കങ്ങൾ പോലും വാക് തർക്കങ്ങളിലേക്കും കയ്യൂക്കിലേക്കും ചെന്നെത്തി സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ തമ്മിലടിക്കുന്ന കാഴ്ച്ച കുന്ദമംഗലം പ്രദേശത്ത് ആശങ്ക ഉളവാക്കുന്നു. അസഭ്യവർഷം ചൊരിഞ്ഞും ശാരീരികാപരമായി വേദനിപ്പിച്ചു കൊണ്ടുമുള്ള സംഘട്ടനം കുന്ദമംഗലം ബസ്സ്റ്റാൻഡ് പരിസരത്ത് തുടർക്കഥയാവുകയാണ്.
ഇന്ന് ഉച്ചയ്ക്ക് സ്റ്റാൻഡിന്റെ പരിസരത്ത് നിന്നായി ഹൈസ്കൂൾ വിദ്യാത്ഥികൾ തമ്മിലടിച്ചത് ഇതിനൊരു ഉദാഹരണമാണ്. സ്ത്രീകൾ ഉൾപ്പെടുന്ന യാത്രക്കാർക്ക് ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിദ്യാലയത്തിൽ നിന്നും ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെ നാട്ടുകാർക്കിടയിൽ നിന്ന് തല്ലി തീർക്കുമ്പോൾ പലപ്പോഴും നിസ്സഹായകരായി നിൽക്കുവാൻ മാത്രമേ പ്രദേശത്തുള്ള ആളുകൾക്ക് സാധിക്കാറുള്ളു. ഓട്ടോ തൊഴിലാളികളും,കച്ചവടക്കാരും,മറ്റു ജീവനക്കാരുമെല്ലാം തന്നെ ഇത്തരം തമ്മിൽ തല്ലുകളോട് പൊറുതി മുട്ടുകയാണ്. ഇത്തരം സംഘർഷം പോലീസിനും തലവേദനയായി മാറുകയാണ്.
നന്മ പഠിക്കേണ്ട പ്രായത്തിൽ ആരാണ് ഇവരെ നേർവഴിക്കു നയിക്കുക . നല്ലത് തിരിച്ചറിയേണ്ടത് വീടുകളിൽ നിന്നും , നല്ല ചിന്ത പകർന്നു നൽകുന്ന വിദ്യാലയങ്ങളിൽ നിന്നുമാണ്. സ്വന്തം മക്കൾ ഏത് തരത്തിൽ ജീവിക്കുന്നവെന്ന കാര്യം തിരക്കിട്ട ജീവിതത്തിനിടയിൽ മാതാ പിതാക്കൾ ചിന്തിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികൾക്കിടയിലെ മാറ്റങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. അത്തരമൊരു കരുതൽ നിലവിലുള്ള അവസ്ഥയിൽ നിന്നും വർധിപ്പിച്ചില്ലെങ്കിൽ ഒമ്പതാം തരത്തിലും പത്തിലും എല്ലാം പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിലുള്ള പക പോക്കലുകൾ ഈ നാട് ഇനിയും കാണേണ്ടി വരും. ഒരു നിമിഷത്തെ വിവേകമില്ലായ്‌മ ഒരു പക്ഷെ വലിയ നഷ്ടപെടലുകളിലേക്ക് നയിച്ചേക്കാം.