വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ ചൂരല്‍മല സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ഓര്‍മയില്‍ അധ്യാപകര്‍. ബെയ്ലി പാലത്തിന് സമീപം ഒരുക്കിയ, ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ക്ക് മുന്നില്‍ അധ്യാപകര്‍ അടക്കമുള്ളവര്‍ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയും പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തി. ദുരന്തം ചൂരല്‍മല സ്‌കൂളിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ നെഞ്ച്‌പൊട്ടി കരഞ്ഞ പിന്നീട് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ ഉണ്ണി മാഷും പുഷ്പാഞ്ജലി അര്‍പ്പിക്കാനുണ്ടായിരുന്നു.
ചൂരല്‍മല സ്‌കൂളിലെ 33 കുട്ടികളെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ഉരുള്‍പൊട്ടല്‍ അപകടത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. 2024 ജൂലൈ 30-ന് പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാര്‍ഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓര്‍മ്മചിത്രമായി മാറിയത്.
ദുരന്തത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചര്‍ച്ചകളില്‍ ഉയരുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിര്‍മ്മിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വേഗത്തില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

