ജപ്പാൻ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് വീഴ്ത്തി സിന്ധു ടോകിയോ ഒളിമ്പിക്സ് സെമിയിൽ ഇടമുറപ്പിച്ചു.
തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ്പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും പൊരുതാൻ വിടാതെയായിരുന്നു രണ്ടാം സെറ്റിലും അനായാസ ജയമുറപ്പിച്ചത്. സ്കോർ 21-13, 22-20
യമാഗുച്ചിയുടെ സെർവുമായി തുടങ്ങിയ മത്സരത്തിൽ കൊണ്ടും കൊടുത്തും ഇരു താരങ്ങളും ആദ്യം കളി നയിച്ചു . എന്നാൽ, തുടക്കത്തിലെ താളപ്പിഴകൾ മറന്ന് അതിവേഗം കളിപിടിച്ച സിന്ധു 11-7ന് മുന്നിലെത്തി. പിന്നീട് ഒരിക്കലും എതിരാളിക്ക് അവസരം നൽകാതെയാണ് ആദ്യ സെറ്റ് പൂർത്തിയാക്കിയത്.
രണ്ടാം സെറ്റിലും അതേ ആവേശത്തിൽ ഡ്രോപും സ്മാഷും സമം ചേർത്ത് റാക്കറ്റേന്തിയ സിന്ധുവിനു മുന്നിൽ ആധിപത്യം പുലർത്താൻ യമാഗുച്ചിക്കായില്ല. ഇരുകോർട്ടിലും വീഴാൻ വിടാതെ ഇരുതാരങ്ങളും മികച്ച കളി പുറത്തെടുത്ത അവസാന ഘട്ടങ്ങളിൽ ബലാബലം നിന്ന കളിയിൽ ലീഡും മാറിമറിഞ്ഞു. വലിയ പോയിന്റിന് ലീഡ് പിടിച്ച ആദ്യ ഘട്ടങ്ങളിൽനിന്ന് മാറി സിന്ധു എതിരാളിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് വീണ്ടും ഒപ്പംപിടിച്ചതോടെ കളി ഏതുവശത്തേക്കും മാറിമറിയുമെന്നായി. യമാഗുച്ചി രണ്ടു പോയിന്റ് മുന്നിലെത്തി 20-18 ആയതോടെ മൂന്നാം സെറ്റും വേണ്ടിവരുമെന്നായി. എന്നാൽ, അത്യാവശത്തോടെ നാലു പോയിന്റ് എടുത്താണ് സിന്ധു കളി ജയിച്ചത്.