വനിതകളുടെ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗത്തില്‍ ഏറെ പ്രതീക്ഷ കല്‍പിച്ചിരുന്ന ദീപികാ കുമാരിക്ക് ലക്‌ഷ്യം കാണാൻ ആയില്ല. നിലവിലെ ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ആന്‍ സാനായോട് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി
കൊറിയന്‍ താരത്തിനെതിരേ ദയനീയ പ്രകടനമായിരുന്നു ദീപികയുടേത്. 6-0 എന്ന സ്‌കോറിനാണ് കൊറിയന്‍ താരം ജയിച്ചത്. റാങ്കിങ് റൗണ്ടില്‍ ഒളിമ്പിക്‌സ് റെക്കോഡ് നേടിയ താരമാണ് ആന്‍.
മത്സരത്തിന്റെ ആദ്യസെറ്റില്‍ മൂന്നു പെര്‍ഫെക്ട് ടെന്‍ കുറിച്ച ആന്‍ 30-27 എന്ന സ്‌കോറിലാണ് സെറ്റ് സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ദീപികയുടേത് മികച്ച തുടക്കമായിരുന്നെങ്കിലും അതു നിലനിര്‍ത്താനാകാതെ വന്നപ്പോള്‍ കൊറിയന്‍ താരം 4-0 ലീഡ് സ്വന്തമാക്കി. ആദ്യ ശ്രമത്തില്‍ പത്തു പോയിന്റ് നേടിയ ദീപികയുടെ പിന്നീടുള്ള രണ്ടു ശ്രമങ്ങളും ഏഴു പോയിന്റില്‍ അവസാനിച്ചു.
മൂന്നാം സെറ്റില്‍ കൊറിയന്‍ താരം പിന്നിലേക്കു പോയെങ്കിലും അതു മുതലാക്കാന്‍ ദീപികയ്ക്ക് ആയില്ല. ആദ്യ ശ്രമത്തില്‍ ഏഴും രണ്ടാം ശ്രമത്തില്‍ എട്ടും അവസാന ശ്രമത്തില്‍ ഒമ്പതു പോയിന്റുമായി ആകെ 24 പോയിന്റ് നേടിയ ദീപികയെ മൂന്നാം സെറ്റില്‍ 26 പോയിന്റ് നേടി ആന്‍ 6-0ന് മത്സരം സ്വന്തമാക്കുകയായിരുന്നു.