സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഓണ്‍ലൈനായാണ് മന്ത്രിസഭായോഗം ചേരുന്നത്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ പ്രഖ്യാപിക്കുന്നത്. റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖര്‍, അഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ഇന്ന് സംസ്ഥാനത്തെ പൊലീസ് സേന യാത്രയയപ്പും വിടവാങ്ങല്‍ പരേഡും നടത്തും.
ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും; സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

