നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ആശംസകളുമായി കെ ടി ജലീല്‍ എംഎല്‍എ.സഖാവ് കുഞ്ഞാലി നടന്ന വഴികളിലൂടെ അടിപതറാതെ ചുവടുകള്‍ വെക്കാന്‍ കാലം കരുതിവെച്ച ചെന്താരകമാണ് സ്വരാജെന്നും കഴിവും പ്രാപ്തിയും അറിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചെറുപ്പക്കാരനാണ് അദ്ദേഹമെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വളര്‍ന്നു വരുന്ന രാഷ്ട്രീയ നേതാക്കളില്‍ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജനകീയ മുഖമാണ് സ്വരാജെന്ന് കുറിച്ച ജലീല്‍ അരുതായ്മകളോടും തൊഴിലാളി വിരുദ്ധ നിലപാടുകളോടും സന്ധി ചെയ്യാത്ത മനുഷ്യസ്‌നേഹിയാണെന്നും ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ മുന്നില്‍ മാറ് വിരിച്ച് പട നയിക്കുന്ന പോരാളിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.
അധ:സ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും നിലവിളികള്‍ക്ക് കാത് കൊടുത്ത കമ്മ്യൂണിസ്റ്റ്, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പക്ഷത്ത് ലാഭനഷ്ടങ്ങള്‍ നോക്കാതെ നിലയുറപ്പിച്ച രാജ്യസ്‌നേഹി, സംസാരത്തിലും പെരുമാറ്റത്തിലും മാന്യത കൈവിടാതെ തന്റെ വാദമുഖങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ അനിതരസാധാരണ വൈഭവമുള്ള നിപുണന്‍ എന്നിങ്ങനെയും കെ ടി ജലീല്‍ കുറിച്ചു. പ്രസംഗകലയില്‍ തന്റേതുമാത്രമായ പാത വെട്ടിത്തെളിയിച്ച് ശ്രദ്ധേയനായ പ്രഭാഷകനാണ് സ്വരാജെന്നും കെടി ജലീല്‍ എടുത്തുപറഞ്ഞിട്ടുണ്ട്. സ്വരാജ് ജയിക്കും. സ്വരാജ് ജയിക്കണം. സ്വരാജ് ജയിച്ചേ പറ്റൂ എന്ന് കുറിച്ചാണ് കെ ടി ജലീല്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

