മമ്മൂട്ടി ഹൊറർ ചിത്രവുമായി വീണ്ടുമെത്തുന്നു എന്ന റിപ്പോർട്ടുകളആണ് പുറത്ത് വരുന്നത്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ മമ്മൂട്ടിയുമായി ഒരുമിക്കുന്നുവെന്നാണ് ആ റിപ്പോർട്ട്. തമിഴ് സിനിമ മേഖലയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
മലയാളത്തിന് പുറമെ തമിഴിലും ചിത്രം ഒരേ സമയം ഷൂട്ട് ചെയ്യാൻ ആണ് തീരുമാനം.’ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ചെയ്യുന്ന ഹൊറർ ചിത്രമായിരിക്കും ഇത്. ഭൂതകാലം എന്ന ചിത്രം സോണി ലിവിൽ ആയിരുന്നു റിലീസ്. ചിത്രത്തിലെ നായകൻ ഷെയിൻ നിഗമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് രേവതിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
അതേസമയം, മമ്മൂട്ടി നായകനായി എത്തുന്ന ജിയോ ബേബി ചിത്രം ‘കാതൽ’ റിലീസ് നീളുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മെയ് 13ന് റിലീസ് ചെയ്‌തേക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് മൂവി ട്രാക്കേഴ്‌സായ ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് കാതൽ നിർമ്മിക്കുന്നത്.