
അമരക്കുനിയിൽ വനംവകുപ്പ് കൂട് വെച്ച് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. ഇതുമായി ബന്ധപ്പെട്ട് ചീഫ് വൈൻഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരം സുവോളജിക്കൽ ഗാർഡനിലെ വെറ്ററിനറി ഡോക്ടർ കുപ്പാടിലെത്തി പരിശോധന നടത്തിയ ശേഷമാകും കടുവയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക.അമരക്കുനിയിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് കടുവയെ കൂടുവെച്ച് കെണിയിലാക്കിയത്. എട്ട് വയസുള്ള പെൺകടുവയാണിത്. കടുവയുടെ താഴെ നിരയിലുള്ള പല്ലുകൾ നഷ്ടമായിട്ടുണ്ട്. കൂടാതെ കടുവയുടെ കാലുകൾക്കും പരിക്കുകളുണ്ട്. ഈ സാഹചര്യത്തിൽ കടുവയെ ഉൾക്കാട്ടിൽ തുറന്ന് വിടാൻ സാധിക്കാത്തതിനെ തുടർന്നാണ് മൃഗശാലയിലേക്ക് മാറ്റുന്നത്.