പുതുപ്പള്ളിയില്‍ തുടരും എന്ന നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന തരത്തില്‍ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മന്‍ചാണ്ടി തന്നെ വാര്‍ത്താ കുറിപ്പ് ഇറക്കി ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിച്ചത്. തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നും അത് തെക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസിന് കഴിയുമെന്നും കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശം വന്നിരുന്നു. നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മുന്നോട്ട് വച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി എവിടെ നിന്നാലും ജയിക്കുമെന്ന മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ വാര്‍ത്ത ആളിപ്പടര്‍ന്നു. പിന്തുണച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ഉമ്മന്‍ചാണ്ടി ഔദ്യോഗികമായി വാര്‍ത്താ കുറിപ്പ് ഇറക്കി തന്നെ ഇതെല്ലാം നിഷേധിച്ചത്.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. എന്തും ഏതും വാര്‍ത്തയാകുകയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങുന്നതിനുമുമ്പേ, എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണം.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്.
എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ല .