കൊല്ലം: ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതില്‍ വലിയ ആശ്വസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്കിയ അബിഗേലിന്റെ സഹോദരന് ജോനാഥന് പ്രത്യേകം അഭിനന്ദനം മുഖ്യമന്ത്രി രേഖപ്പെടുത്തി. വിവരങ്ങള്‍ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങള്‍ പൊതുവില്‍ നല്ല പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഞങ്ങളെല്ലാം ഇടപെട്ടിരുന്നു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പോലീസ് മേധാവിക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഏകോപനത്തിനായി എഡിജിപി അടക്കമുളള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നാലുപേര്‍ ചേര്‍ന്ന് കുട്ടിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്. അപ്പോള്‍ തന്നെ കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ വാഹനപരിശോധന ആരംഭിച്ചു.
ആയിരക്കണക്കിന് പൊലീസുകാരാണ് അന്വേഷണത്തില്‍ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍ ആണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള കാര്‍ ആണ് പ്രതികള്‍ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെ അതിക്രമം കാട്ടുന്നവര്‍ക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല എന്ന് ആവര്‍ത്തിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.